ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കിയതായി പ്രധാനമന്ത്രി ആന്തണി ആൽബനീസി വ്യക്ത്മാക്കി.
മെൽബണിലെ മക്‌നാമര സീറ്റിൽ ലേബറിന്റെ ജോഷ് ബേൺസ്, ഗ്രീൻസ് സ്ഥാനാർത്ഥി സ്റ്റെഫ് ഹോഡ്ജിൻസ്-മെയ്യുമായുള്ള കടുത്ത മത്സരത്തിന് ശേഷം വിജയം ഉറപ്പിച്ചു.
ലേബർ ഇതോടെ ഭൂരിപക്ഷത്തിനായി ആവശ്യമായ 76 സീറ്റുകൾ സ്വന്തമാക്കി.
ലിബറൽ സഖ്യം 57 സീറ്റുകളാണ് ഉറപ്പിച്ചിരിക്കുന്നത്. ഗ്രീൻസ് നാല് സീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിലെ ഗിൽമോറിലും, വിക്ടോറിയയിലെ ഡീക്കിനിലും വോട്ടെണ്ണൽ തുടരുകയാണ്.
ഇവിടെയും ലേബർ സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. ഈ സീറ്റുകളിൽ ലേബറും ലിബറൽ സഖ്യവും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
ലേബർ പാർട്ടിയിൽ നിന്ന് തന്നെ സഭയുടെ സ്പീക്കറെ തെരെഞ്ഞെടുക്കുന്നതിന് കുറഞ്ഞത് 77 സീറ്റുകൾ നേടേണ്ടതുണ്ട്.
പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ കൂടുതൽ വ്യക്തമായ ചിത്രം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൊഴിൽ മന്ത്രിയായി ലേബർ ഉപനേതാവ് റിച്ചാർഡ് മാൾസ്, വിദേശകാര്യ മന്ത്രിയായി പെന്നി വോംഗ്, ട്രെഷറായി ജിം ചാമേഴ്‌സ്, ധനമന്ത്രി, വനിതാ മന്ത്രി, അറ്റോർണി ജനറൽ എന്നീ സ്ഥാനങ്ങളിലേക്ക് കാറ്റി ഗല്ലഘറുമാണ് ഇതു വരെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. പൂർണ്ണ മന്ത്രിസഭ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ട് വച്ച നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞതായി പ്രധാനമന്ത്രി ആന്തണി അൽബനീസി ഇന്ന് കാൻബറയിൽ പറഞ്ഞു.
അഴിമതി വിരുദ്ധ കമ്മീഷൻ ഈ വർഷം തന്നെ രൂപീകരിക്കും.
ഓസ്‌ട്രേലിയയുടെ കാലാവസ്ഥ നയങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തെ ജപ്പാനിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ അമേരിക്ക, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ നേതാക്കൾ സ്വാഗതം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.
ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി പീറ്റർ ഡറ്റനും, ഉപനേതാവായി സൂസൻ ലെയും തിങ്കളാഴ്ച സ്ഥാനമേറ്റു.
നാഷ്‌ണൽസ് പാർട്ടിയും പുതിയ നേതാവിനെ തെരഞ്ഞെടുത്തു. ബാർണബി ജോയ്സിന് പകരം പുതിയ നേതാവായി ഡേവിഡ് ലിറ്റിൽ പ്രൗഡ് സ്ഥാനമേറ്റു.