നേര്‍ക്കുനേര്‍ സംവാദവുമായി മോറിസനും അല്‍ബനീസിയും: ചര്‍ച്ചയില്‍ നഴ്‌സിംഗും, അഭയാര്‍ത്ഥിബോട്ടും, ചൈനീസ് ഭീഷണിയും

ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ആദ്യ പരസ്യസംവാദത്തിന് ബ്രിസ്‌ബൈനിലെ ഗാബ സ്റ്റേഡിയം വേദിയായി. ഏജ്ഡ് കെയര്‍ മേഖലയിലെ നഴ്‌സുമാരുടെ എണ്ണവും, അതിര്‍ത്തി സുരക്ഷയും, പസഫിക് മേഖലയിലെ ചൈനീസ് ഭീഷണിയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇരു നേതാക്കളും വോട്ടര്‍മാരുടെ മനസുകീഴടക്കാന്‍ ശ്രമിച്ചത്.

Prime Minister Scott Morrison and Opposition Leader Anthony Albanese faced each other in a debate

Prime Minister Scott Morrison and Opposition Leader Anthony Albanese faced each other in a debate Source: AAP

മേയ് 21ന് നടക്കുന്ന ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണ്ണായക സംസ്ഥാനമായ ക്വീന്‍സ്ലാന്റാണ് ആദ്യ നേതൃസംവാദത്തിന് വേദിയായത്.

സ്‌കൈ ന്യൂസും കൊറിയര്‍ മെയിലും ചേര്‍ന്ന് ബ്രിസ്‌ബൈനില്‍ സംഘടിപ്പിച്ച ഒരു മണിക്കൂര്‍ സംവാദത്തില്‍, പല വിഷയങ്ങളിലും ശക്തമായ വാദപ്രതിവാദങ്ങളുയര്‍ന്നു.

സാമ്പത്തിക നയങ്ങളില്‍ ഊന്നിയായിരുന്നു സംവാദത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ സ്‌കോട്ട് മോറിസന്‍ സംസാരിച്ചത്.

എന്നാല്‍, ജനങ്ങളുടെ ഭാവിയെ കരുതിയുള്ള പദ്ധതികള്‍ക്കാണ് ലേബര്‍ മുന്‍ഗണന നല്‍കുന്നത് എന്നായിരുന്നു അല്‍ബനീസിയുടെ മറുപടി.

സാമ്പത്തികരംഗവും പദ്ധതികളും

'സാമ്പത്തിക രംഗം ശക്തമാകണോ ദുര്‍ബലമാകണോ എന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇത്' എന്ന വാദവുമായാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ സംവാദം തുടങ്ങിയത്.

ശക്തമായ ഭാവിയോ, അനിശ്ചിതത്വം നിറഞ്ഞ ഭാവിയോ എന്ന തെരഞ്ഞെടുപ്പാണ് ഇത്. സ്‌കോട്ട് മോറിസന്‍

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ വിജയവും, 70 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ ബജറ്റ് നേട്ടവുമെല്ലാം മോറിസന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഒരു മഹാമാരി വരുമ്പോള്‍ മറ്റേതു സര്‍ക്കാരും ചെയ്യുന്ന കാര്യം മാത്രമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാരും ചെയ്തത് എന്നായിരുന്നു ലേബര്‍ നേതാവ് ആന്തണി അല്‍ബനീസിയുടെ മറുപടി.

'ഇതിലും മെച്ചമാകാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിയുമായിരുന്നു. ഇതിലും മെച്ചമാകണം.' ആന്തണി അല്‍ബനീസി

സ്വന്തം തെറ്റുകളില്‍ നിന്ന് പോലും ലിബറല്‍ സഖ്യ സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കുന്നില്ലെന്നും അല്‍ബനീസി ആരോപിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരസ്യ സംവാദം പോലെ വോട്ടിംഗിനെ നേരിട്ട് ബാധിക്കുന്നതല്ല  ഓസ്‌ട്രേലിയയിലെ ഈ സംവാദങ്ങള്‍.

പക്ഷേ, പ്രധാന രാഷ്ട്രീയ നയങ്ങള്‍ ഒരേ വേദിയില്‍ അവതരിപ്പിക്കാനും, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും രണ്ടു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കുന്ന അവസരമാണ് ഈ സംവാദങ്ങള്‍.

സംവാദ വേദിയിലുള്ള കാഴ്ചക്കാര്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെ ഒരു വിജയിയെ തെരഞ്ഞെടുക്കുകയും ചെയ്യും.

ആന്തണി അല്‍ബനീസിയെയാണ് ആദ്യ സംവാദത്തില്‍ വിജയിയായി തെരഞ്ഞെടുത്തത്.

അല്‍ബനീസിക്ക് 40 ശതമാനം വോട്ടു കിട്ടിയപ്പോള്‍ സ്‌കോട്ട് മോറിസന് 35 ശതമാനം വോട്ടു ലഭിച്ചു. 25 ശതമാനം പേര്‍ നിലപാടെടുത്തില്ല.

ഏജ്ഡ് കെയര്‍ നഴ്‌സുമാര്‍

രാജ്യത്തെ നഴ്‌സുമാരുടെ ദൗര്‍ലഭ്യത്തെക്കുറിച്ചായിരുന്നു സംവാദത്തില്‍ കാണികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന ആദ്യ ചോദ്യങ്ങളിലൊന്ന്.

വിദേശത്തു നിന്നുള്ള നഴ്‌സുമാരെ ആശ്രയിക്കുന്നതിന് പകരം, ഓസ്‌ട്രേലിയക്കാരായ നഴ്‌സുമാര്‍ക്കു തന്നെ അവസരം നല്‍കുന്നതിന് എന്തു നടപടിയെടുക്കുമെന്നും, ഏജ്ഡ് കെയര്‍ രംഗത്തെ നഴ്‌സിംഗ് ദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കും എന്നുമായിരുന്നു ചോദ്യം.

വിദേശത്തു നിന്നുള്ള നഴ്‌സുമാരുടെ കാര്യം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും മറുപടിയില്‍ പരാമര്‍ശിച്ചില്ല.

ഏജ്ഡ് കെയര്‍ മേഖലയിലെ പ്രതിസന്ധിക്ക് ഊന്നല്‍ നല്കിയായിരുന്നു ഇരുവരുടെയും മറുപടി.

കൂടുതല്‍ നഴ്‌സുമാരെ പരിശീലിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും, ഏജ്ഡ് കെയര്‍ മേഖലയില്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും നഴ്‌സുമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും അല്‍ബനീസി പറഞ്ഞു.

'ഏജ്ഡ് കെയര്‍ മേഖലയിലേക്കുള്ള ഓരോ ഡോളറും അവിടെ ഭക്ഷണവും പരിചരണവും നല്‍കുന്നതിന് ചെലവാക്കണം. ആര്‍ക്കെങ്കിലും മസെറാട്ടി കാര്‍ വാങ്ങാനാകരുത് ആ പണം.' അല്‍ബനീസി

കൂടുതല്‍ നഴ്‌സുമാരെ പരിശീലിപ്പിക്കും എന്നു തന്നെയാണ് മോറിസനും പറഞ്ഞത്.

എന്നാല്‍ ഏജ്ഡ് കെയര്‍ മേഖലയില്‍ 24X7 നഴ്‌സുമാര്‍ എന്ന രീതി ഇപ്പോള്‍ നടപ്പാക്കിയാല്‍ അത് മേഖലയ്ക്ക് താങ്ങാന്‍ കഴിയില്ലെന്നും, നിരവധി ഏജ്ഡ് കെയര്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടേണ്ടി  വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവാദമായി പ്രധാനമന്ത്രിയുടെ പരാമര്‍ശം

ആദ്യ സംവാദത്തില്‍ പ്രധാനമന്ത്രിയെ പ്രതിസന്ധിയിലാക്കിയ ഒരു വിഷയം ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സ് പദ്ധതിയെക്കുറിച്ചുള്ള ചോദ്യമായിരുന്നു.

ഓട്ടിസം ബാധിച്ച നാലു വയസുകാരായ മകന്റെ ഫണ്ടിംഗ് വെട്ടിക്കുറച്ചതിനെക്കുറിച്ച് കാതറിന്‍ എന്ന സ്ത്രീയാണ് ചോദ്യം ഉന്നയിച്ചത്.

'ഇത്തരം പ്രശ്‌നങ്ങളില്ലാത്ത രണ്ടു കുട്ടികളെ ലഭിച്ചതില്‍ താനും ഭാര്യയും അനുഗ്രഹീതരാണ്' എന്നു പറഞ്ഞായിരുന്നു പ്രധാനമന്ത്രി മറുപടി തുടങ്ങിയത്.

സംവാദം തുടരുമ്പോള്‍ തന്നെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം  ഉയര്‍ന്നു.

ലേബര്‍ പാര്‍ട്ടിയും, ഓട്ടിസം ബാധിതയായ മുന്‍ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ ഗ്രെസ് ടെയ്മും, ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ ഡിലന്‍ ആല്‍ക്കോട്ടുമെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

നേരത്തേ തന്നെ വാര്ത്തകളില്‍ നിറഞ്ഞിരുന്ന ഫോട്ടോഷൂട്ടിലെ ചിത്രവുമായാണ് ഗ്രേസ് ടെയ്ം പ്രതികരിച്ചത്.

മെഡികെയറിനെക്കാള്‍ വലിയ പദ്ധതിയാണ് ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സെന്നും, അതിന് പൂര്‍ണ ഫണ്ടിംഗ് നല്‍കുന്നുണ്ട് എന്നുമായിരുന്നു പ്രധാനമന്ത്രി ചോദ്യത്തിന് മറുപടി നല്‍കിയത്.

ലേബര്‍ പാര്‍ട്ടി കൊണ്ടുവന്ന അഭിമാനപദ്ധതിയാണ് ഡിസെബിലിറ്റി സ്‌കീം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അല്‍ബനീസിയുടെ മറുപടി.

ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം വലിയ പദ്ധതികള്‍ ലേബര്‍ പാർട്ടിയാണ് കൊണ്ടുവരുന്നതെന്നും, ജനങ്ങളുടെ ഭാവിയെക്കരുതിയുള്ള പദ്ധതികളെല്ലാം ലേബറിന്റെ സംഭാവനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പല വലിയ പദ്ധതികളും ലേബര്‍ കൊണ്ടുവരുന്നുണ്ടെങ്കിലും, അതിനെല്ലാം ഫണ്ടിംഗ് കണ്ടെത്തുന്നത് ലിബറല്‍ സഖ്യമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

അതിര്‍ത്തിസുരക്ഷ

അഭയാര്‍ത്ഥി വിഷയവും, ചൈനീസ് ഭീഷണിയുമാണ് അതിര്‍ത്തി സുരക്ഷാ രംഗത്ത് ഉയര്‍ന്നുവന്ന വിഷയങ്ങള്‍.

ബോട്ടിലെത്തുന്ന അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുന്ന നയം താന്‍ കുടിയേറ്റകാര്യ മന്ത്രിയായിരിക്കുമ്പോഴാണ് കൊണ്ടുവന്നതെന്നും ലേബര്‍ അതിനെ അനുകൂലിച്ചിരുന്നില്ലെന്നും സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

ഈ പദ്ധതിയെ അനുകൂലിക്കുന്നതായും, താന്‍ അധികാരത്തിലെത്തിയാലും അത് തുടരുമെന്നും അല്‍ബനീസി പറഞ്ഞു.

അതേസമയം, ചൈനയും സോളമന്‍ ദ്വീപുമായുണ്ടാക്കിയ സുരക്ഷാ കരാര്‍ സര്‍ക്കാരിന്റെ വിദേശകാര്യ നയത്തിലെ  വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്നാല്‍, ചൈനയുടെ വശംപിടിച്ചുകൊണ്ട് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

പ്രധാനമന്ത്രിയുടെ അപവാദം പറച്ചില്‍ എന്നായിരുന്നു ഇതിനോട് അല്‍ബനീസിയുടെ പ്രതികരണം.


Share

3 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service