കൊറോണവൈറസ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്ന സാഹചര്യം പല അപ്രതീക്ഷിത മാറ്റങ്ങൾക്കുമാണ് കാരണമായിരിക്കുന്നത്.
വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ മെഡിക്കൽ ലീവ് എടുക്കുന്നത് കുറഞ്ഞതായാണ് ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം മാർച്ച് മാസത്തെ അപേക്ഷിച്ച് ഈ വര്ഷം മാർച്ച് മാസത്തിൽ പരിക്ക് മൂലമോ അസൂഖം കാരണമോ ജോലിയിൽ നിന്ന് വിട്ട് നിന്നവരുടെ എണ്ണത്തിൽ
ഇരുപത്തി മൂന്ന് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇതിന് ശേഷമുള്ള മാസങ്ങളിൽ സിക്ക് ലീവ് എടുത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ് കണക്കുകൾ .
മാർച്ച് മാസത്തിൽ കൊറോണവൈറസ് ആദ്യ വ്യാപനത്തോടനുബന്ധിച്ച് മെഡിക്കൽ ലീവ് എടുക്കന്നവരുടെ എണ്ണം കൂടിയിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ സിക്ക് ലീവ് എടുത്ത് ജോലിയിൽ നിന്ന് മാറി നിന്നവരുടെ എണ്ണത്തിൽ മുപ്പത്തിയേഴ് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത് എന്ന് ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തുന്നു.
ഈ കണക്കുകൾ പ്രകാരം ഒരു മാസത്തിൽ സിക്ക് ലീവ് എടുത്തവരുടെ എണ്ണത്തിൽ 180,000 ന്റെ കുറവാണ് ഉണ്ടായത്. അതെ സമയം കഴിഞ്ഞ വര്ഷത്തെക്കാൾ 130000 കുറവ് ആളുകളാണ് ഈ വർഷം ഏപ്രിൽ മാസത്തിൽ സിക്ക് ലീവെടുത്തത്.
തൊഴിലിടത്തേക്ക് യാത്ര ചെയേണ്ട ആവശ്യമില്ലാത്ത പലരും ചെറിയ അസുഖങ്ങൾ ഉണ്ടെങ്കിലും വീട്ടിൽ ആയിരിക്കുന്നത് കൊണ്ട് മെഡിക്കൽ ലീവെടുക്കാതെ ജോലി ചെയ്യാൻ ശ്രമിക്കുന്നു എന്നത് ഒരു കാരണമാകാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കൊറോണവൈറസ് സാഹചര്യത്തിൽ ഫ്ലൂ ബാധ കുറഞ്ഞിരിക്കുന്നത് മറ്റൊരു കാരണമായി കരുതുന്നു.
എന്നാൽ ഈ പ്രവണത തുടരുന്നത് ആരോഗ്യപരമല്ല എന്നാണ് യൂണിയനുകളുടെ നിലപാട്. സിക്ക് ലീവ് ഇല്ലാത്ത കാഷ്വൽ തൊഴിലാളികൾ മറ്റു മാർഗ്ഗമില്ലാത്തതിനാൽ ജോലി ചെയ്യുന്നതാകാം എന്നാണ് ഇവരുടെ വാദം. ഇത്തരത്തിൽ മെഡിക്കൽ ലീവെടുക്കുന്നത് ഒഴിവാക്കുന്നത് തടയാൻ പാൻഡെമിക് സിക്ക് ലീവ് നടപ്പിലാക്കണമെന്നാണ് ഇവർ മുന്നോട്ട് വക്കുന്ന ആവശ്യം.