മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
രാജ്യത്ത് വിദേശത്തുനിന്നെത്തിയ ആസ്ട്രസെനക്ക വാക്‌സിൻ വിതരണം വെള്ളിയാഴ്ച് തുടങ്ങി. സൗത്ത് ഓസ്‌ട്രേലിയയിലെ ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്.
എന്നാൽ ആസ്ട്രസെനക്ക വാക്‌സിന്റെ 50 മില്യൺ ഡോസുകൾ ഓസ്‌ട്രേലിയയിൽ തന്നെ നിർമിക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മരുന്ന് നിർമാതാക്കളായ CSL കമ്പനി രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിൻ മാർച്ച് 22 മുതൽ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബ്രെണ്ടൻ മർഫി അറിയിച്ചു.
ആഴ്ചയിൽ ഒരു മില്യണിലേറെ ഡോസുകൾ നിർമിക്കാൻ കഴിയുമെന്നും ഇത് വഴി കൂടുതൽ പേർക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മർഫി പറഞ്ഞു.
ഈ വാക്‌സിനാണ് താനും സ്വീകരിക്കാൻ പോകുന്നതെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആസ്ട്രസേനക്കയുടെ മൂന്ന് ലക്ഷം ഡോസുകൾ കഴിഞ്ഞ ദിവസം രാജ്യത്തെത്തിയിരുന്നു. വാക്‌സിന്റെ 250,000 അധിക ഡോസുകൾ കയറ്റിയയയ്ക്കുന്നത് ഇറ്റലി തടഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയനിലും ഇറ്റലിയിലും വാക്‌സിന് കഷമം അനുഭവപ്പെടുന്നതിനെത്തുടർന്നാണ് കയറ്റുമതി തടഞ്ഞത്. എന്നാൽ ഇത് രാജ്യത്തെ വാക്‌സിൻ വിതരണത്തെ ബാധിക്കില്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
മാർച്ച് 22നും 29നുമിടയിൽ എഴുപത് വയസ്സിനും എൺപത് വയസ്സിനും മേൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങുമെന്ന് ബ്രെണ്ടൻ മർഫി പറഞ്ഞു.
രാജ്യത്തെ 4,600 ലേറെ ജി പി ക്ലിനിക്കുകളിലേക്ക് വാക്‌സിൻ വിതരണം ചെയ്യുമെന്നും ഇതുവഴി ജനങ്ങൾക്ക് അവരുടെ വീടിന് സമീപത്തു നിന്ന് തന്നെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്നും മർഫി ചൂണ്ടിക്കാട്ടി.
നിലവിൽ രാജ്യത്ത് 70,000 പേർ വാക്‌സിൻ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു.
ഹൊവാഡ് സ്‌പ്രിംഗ്‌സിലേക്ക് കൂടുതൽ പേരെ കൊണ്ടുവരും
വിദേശത്തു നിന്നെത്തുന്ന കൂടുതൽ പേർക്ക് ക്വാറന്റൈൻ ചെയ്യാവുന്ന വിധത്തിൽ ഹൊവാഡ് സ്‌പ്രിംഗ്‌സിലെ ക്വാറന്റൈൻ കേന്ദ്രം വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. ദേശീയ ക്യാബിനെറ്റിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ രണ്ടാഴ്ചയിൽ 850 പേരാണ് ഇവിടേക്ക് എത്തുന്നത്. ഇത് 2,000 പേർ എന്ന നിലയിലേക്ക് ഉയർത്താവുന്ന വിധത്തിൽ ക്വാറന്റൈൻ കേന്ദ്രം വികസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇത് സംബന്ധിച്ച് നോർത്തേൺ ടെറിട്ടറി സർക്കാരുമായി ധാരണയിലെത്തിയതായും മോറിസൺ പറഞ്ഞു.
ഏപ്രിൽ-മെയ് മാസങ്ങളിൽ ഇത് നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നില്ലെന്നും മോറിസൺ വ്യക്തമാക്കി. എന്നാൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്നതിൽ 10,000 ലേറെ പേർ വിക്ടോറിയയിലേക്ക് തിരിച്ചെത്താനുള്ളവരാണ്. അതിനാൽ വിദേശത്തുനിന്നെത്തുന്നവരെ വിക്ടോറിയയിലേക്ക് താമസിയാതെ അനുവദിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര അതിർത്തി ജൂൺ വരെ അടഞ്ഞുകിടക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.