കൊവിഡ് ബാധ വിക്ടോറിയയുടെ ഉൾപ്രദേശത്തേക്കും പടർന്നതോടെയാണ് ഉൾനാടൻ വിക്ടോറിയയും ലോക്ക്ഡൗൺ ചെയ്തിരുന്നത്.
എന്നാൽ, വൈറസ്ബാധ നിയന്ത്രണവിധേയമായതോടെ ഇവിടുത്തെ ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു.
അതേസമയം, ഉൾനാടൻ വിക്ടോറിയയിലെ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും, ഗ്രെയ്റ്റർ ഷേപ്പാർട്ടനിലെ നിയന്ത്രണം അടുത്തയാഴ്ച വരെയെങ്കിലും നിലനിൽക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
സെപ്റ്റംബർ ഒമ്പത് രാത്രി 11.59 മുതലാണ് നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത്.
ഇളവുകൾ ഇങ്ങനെ:
- അഞ്ച് കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം ഇല്ലാതാകും
- ഉൾനാടൻ വിക്ടോറിയയിൽ യാത്ര ചെയ്യുന്നതിന് പരിധിയില്ല. എന്നാൽ, മെൽബണിലേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങളുണ്ട്
- എല്ലാ ബിസിനസുകൾക്കും നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാം
- 25 ശതമാനം ജീവനക്കാർക്കും തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്താം
- പ്രെപ് മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും, 12 ആം ക്ലാസിലെ വിദ്യാർത്ഥികൾക്കും സ്കൂളുകളിലേക്ക് മടങ്ങാം. എന്നാൽ, മറ്റ് ക്ലാസുകളിലെ വിദ്യാർഥികൾ ഓൺലൈൻ പഠനം തുടരണം
- മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും, വിവാഹങ്ങൾക്ക് 10 പേർക്കും വരെ ഒത്തുചേരാം
- കെട്ടിടത്തിന് പുറത്ത് 10 പേർക്ക് ഒത്തുചേരാം
എന്നാൽ, വീട് സന്ദർശനത്തിന് അനുവാദമില്ല. മാത്രമല്ല, കെട്ടിടത്തിനുള്ളിലും പുറത്തും മാസ്ക് നിർബന്ധമായി തുടരും.
സംസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) 221 വൈറസ്ബാധയാണ് സ്ഥിരീകരിച്ചത്.
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്ത് 1,480 പേർക്ക് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചു. ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 20നു മേൽ പ്രായമായ ഒരു പുരുഷനും ഉൾപ്പെടുന്നുണ്ട്.
ഇദ്ദേഹത്തിന് മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, വാക്‌സിൻ സ്വീകരിച്ചിട്ടില്ലായിരുന്നെന്നും അധികൃതർ അറിയിച്ചു.
ഇതോടെ ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ട ശേഷം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 200 ആയി.
സംസ്ഥാനത്ത് 7,689,120 പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാൽ ഈ വർഷം NRL ഗ്രാന്റ് ഫൈനൽ നടത്തുന്നില്ലെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ടെറിട്ടറിയിൽ 20 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേരെങ്കിലും രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.
മറ്റ് കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.