Highlights
- അമേസിമിനും ലൈക്കമൊബൈലിനും 1.38 ലക്ഷം ഡോളർ പിഴ
- ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നല്കിയതിനാണ് പിഴ
- അമേസിമിന് 1,26000 ഡോളറും ലൈക്ക മൊബൈലിന് 12,600 ഡോളറുമാണ് പിഴ
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നല്കിയെന്നാരോപിച്ച് അമേസിമിൽ നിന്ന് 1,26,000 ഡോളറും ലൈക്ക മൊബൈലിൽ നിന്ന് 12,600 ഡോളറുമാണ് ഓസ്‌ട്രേലിയൻ കോംപെറ്റീഷൻ ആൻഡ് കൺസ്യുമർ കമ്മീഷൻ (ACCC) പിഴ ഈടാക്കിയത്.
2020 ജനുവരിയിലാണ് മൊബൈൽ കമ്പനിയായ അമേസിം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയതെന്നാണ് ACCC ആരോപിക്കുന്നത്.
പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനായി അൺലിമിറ്റഡ് ഡാറ്റ നൽകുമെന്ന പരസ്യമാണ് അമേസിം ട്വിറ്ററിൽ നൽകിയയതെന്ന് ACCC പറഞ്ഞു.
#UnlimitedMobileData എന്ന ഹാഷ്ടാഗ് നൽകിക്കൊണ്ട് 'നിങ്ങളുടെ അമ്മയ്ക്ക് അമേസിമിൽ നിന്നുള്ള അൺലിമിറ്റഡ് ഡാറ്റ ഓഫർ ഇഷടമാകും' എന്ന പരസ്യ വാചകമാണ് കമ്പനി ട്വിറ്ററിൽ നൽകിയത്.
എന്നാൽ പരസ്യം ചെയ്ത പ്ലാനിൽ ആദ്യ മൂന്ന് മാസത്തെ ഡാറ്റ പുതുക്കലിന് മാത്രമാണ് അൺലിമിറ്റഡ് ഡാറ്റ നൽകിയിരുന്നത്. അതിന് ശേഷം നിശ്ചിത ഡാറ്റയിൽ കൂടുതൽ ഉപയോഗിക്കുന്നവരിൽ നിന്ന് പണം ഈടാക്കിയിരുന്നു.

Source: ACCC
സമാനമായ രീതിയിൽ 2019 നവംബറിൽ ലൈക്ക മൊബൈലും പരസ്യം നല്കിയിരുന്നുവെന്നാണ് ACCC യുടെ ആരോപണം. ‘Unlimited Plan S’ , ‘Unlimited Plan M’ എന്ന് പരാമർശിച്ചുകൊണ്ട് അൺലിമിറ്റഡ് ഡാറ്റ നൽകുന്നതായാണ് ലൈക്ക മൊബൈൽ ഫേസ്ബുക്കിൽ പരസ്യം നൽകിയതെന്ന് ACCC ആരോപിച്ചു.
എന്നാൽ ഈ രണ്ട് പ്ലാനുകളും നിശ്ചിത ഡാറ്റ ഉപയോഗത്തിന് ശേഷം ഉപഭോക്താക്കളിൽ നിന്നും അധിക പണം ഈടാക്കിയിരുന്നു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഈ പരസ്യങ്ങൾ ഓസ്‌ട്രേലിയൻ ഉപഭോക്തൃ നിയമത്തിന്റെ ലംഘനമാണെന്ന് ACCC ആരോപിച്ചു.

Source: ACCC
പരസ്യവാചകത്തിൽ അൺലിമിറ്റഡ് എന്ന് പരാമർശിച്ചിരിക്കുന്നതിനാൽ കൂടുതൽ ഡാറ്റ ഉപയോഗിച്ചാലും അധിക തുക നൽകേണ്ടി വരുമെന്ന് ഉപഭോക്താക്കൾ പ്രതീഷിക്കില്ലെന്ന് ACCC ചെയർമാൻ റോഡ് സിംസ് പറഞ്ഞു.
പരസ്യം നൽകുമ്പോൾ അവ വ്യക്തമായിരിക്കണമെന്നും, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ആകരുതെന്നും ടെലികോം മേഖലയെ നേരത്തെ അറിയിച്ചിട്ടുള്ളതാണെന്ന് റോഡ് സിംസ് ചൂണ്ടിക്കാട്ടി.
മാത്രമല്ല മൊബൈൽ പ്ലാനുകളുടെ പരസ്യങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ആവശ്യം വന്നാൽ നിയമ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയതിന് അമേസിം എനർജിക്ക് 2019 മാർച്ചിൽ ഫെഡറൽ കോടതി ഒമ്പത് ലക്ഷം ഡോളർ പിഴ ശിക്ഷ നൽകിയിരുന്നു.