ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു മാസം പ്രായമായ ആൺകുട്ടിയാണ് ശനിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്.
നാലു പേർ കൂടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നഗരത്തിൽ നടന്ന ആക്രമണത്തിൽ മൂന്നു പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. പത്തുവയസുള്ള ഒരു പെൺകുട്ടിയും 25 വയസുള്ള യുവാവും 32കാരിയായ യുവതിയുമാണ് മരിച്ചത്. ഒരു 33കാരൻ പിന്നീട് ആശുപത്രിയിലും മരിച്ചു.
മരിച്ച പെൺകുട്ടിയുടെ അമ്മയും സഹോദരിയും പരുക്കേറ്റ് ചികിത്സയിലാണ്. 37 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
അക്രമി നഗരത്തിലേക്കെത്തിയത് സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം
ദിമിത്രിയസ് ജിമ്മി ഗാർഗസോലാസ് എന്ന 26 കാരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവദിവസം രാവിലെ സ്വന്തം സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷമാണ് ഇയാൾ നഗരത്തിലേക്ക് കാറുമായെത്തിയത്.
തൻറെ മകനെക്കുറിച്ചോർത്ത് നാണക്കേട് തോന്നുന്നുവെന്ന് അക്രമിയുടെ അമ്മ എമിലി ഗാർഗസോലാസ് മാധ്യമങ്ങളോട് പറഞ്ഞു. കേൾക്കുന്നതൊന്നും ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
അതിനിടെ ആക്രമണം നടന്ന സ്ഥലത്ത് മരിച്ചവർക്ക് ആദരാഞ്ജലികളുമായി ആളുകൾ പൂക്കൾ അർപ്പിച്ചിരുന്നു.