ശനിയാഴ്ച അർധരാത്രിയോടെയാണ് മെൽബണിലെ ട്രഗനൈനയിൽ അപകടമുണ്ടായത്. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.
ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.
കാറിലുണ്ടായിരുന്ന പത്തു വയസുകരായി അവിടെ വച്ചു തന്നെ മരിച്ചു.
കാറോടിച്ചിരുന്ന സ്ത്രിയും ഒരാൺകുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാറിലുണ്ടായിരുന്ന പുരുഷനും ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചപോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ.
ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.
പ്ലംപ്റ്റണിലുള്ള മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ വിശദാംശങ്ങൾ മലയാളി സമൂഹം പങ്കുവച്ചെങ്കിലും, ഇപ്പോൾ പേരുവിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിക്ടോറിയ പൊലീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
വിക്ടോറിയ പൊലീസിന്റെ മേജർ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
അപകടം നേരിൽ കണ്ട ആരെങ്കിലുമുണ്ടെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സിനെ 1800 333 000 എന്ന നമ്പരിലോ www.crimestoppersvic.com.au എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാൻ പൊലീസ് അഭ്യർത്ഥിച്ചു.