SKIP TO MAIN CONTENT

മാനസീകാസ്വാസ്ഥ്യമുള്ള ആളെ വിക്ടോറിയ പോലീസ് വലിച്ചിഴക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു

മാനസീകാസ്വാസ്ഥ്യമൂലം സഹായം തേടിയ ആളെ ആറ് പോലീസുകാർ ചേർന്ന് വലിച്ചിഴക്കുന്ന വീഡിയോ ദൃശ്യങ്ങൾപുറത്തു വന്നു. വിഡിയോയിൽ മാനസീകാസ്വാസ്ഥ്യമുള്ള ഇയാളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും, പേപ്പർ സ്പ്രേ അടിക്കുകകയും, അപഹസിക്കുകയും ചെയ്യുന്നതായി കാണാം.

1 min read

Published

Updated


Skip to article content

ഡിസബിലിറ്റി പെൻഷനിലുള്ള ജോൺ എന്ന വ്യക്തിക്കാണ് തന്റെ വീട്ടുമുറ്റത് വെച്ച് മെൽബൺ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. ആറോളം പോലീസ് ഉദ്യോഗസ്ഥർ ജോണിനെ വളഞ്ഞു വെച്ച് കീഴ്‌പെടുത്തുകയും, ബാറ്റൺ കൊണ്ട് മർദ്ദിക്കുകയും, പേപ്പർസ്പ്രേ അടിക്കുകകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

വീട്ടിൽ മോഷണ ശ്രമം നടന്നതിനെ തുടർന്ന് ജോൺ വെച്ച CCTV ക്യാമറയിലാണ്‌ ദൃശ്യങ്ങൾ പതിഞ്ഞത്. എബിസി ടെലിവിഷൻ ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തു.

കടുത്ത മാനസിക സമ്മർദ്ദം നേരിടുന്ന ജോണിന്റെ മാനസിക നില മോശമായതിനെ തുടർന്നാണ് ആരോഗ്യ പരിപാലകർ എമർജൻസി അസ്സിസ്റ്റൻസ് ആവശ്യപ്പെട്ടത്. പോലീസുമായി ഏറ്റുമുട്ടാനോ, തന്നെ വെടിവെക്കാൻപോലീസിനെ പ്രേരിപ്പിക്കാനോ ജോൺ ശ്രമിച്ചേക്കുമെന്നായിരുന്നു പോലീസിനുകിട്ടിയ ഡിസ്പാച്ച് നോട്ടിലെ മുന്നറിയിപ്പ്.

എന്നാൽ വലിയ പ്രകോപനങ്ങൾ ഒന്നുമില്ലാതെയാണ് ജോണിന് നേരെ പോലീസ് ക്രൂരമർദ്ദനം അഴിച്ചുവിട്ടതെന്ന് ജോണിന്റെ കേസ് കൈകാര്യം ചെയ്യുന്ന റോബിൻസൺ ഗിൽ ലോയേഴ്സ് ആരോപിച്ചു. സംഭവത്തെ കുറിച്ച് സ്റ്റേറ്റ് ഇൻഡിപെൻഡന്റ് ബ്രോഡ് ബേസ്ഡ് ആന്റി കറപ്‌ഷൻ കമ്മിഷന് (state's Independent Broad-based Anti-Corruption Commission (IBAC)) പരാതി നൽകിയിട്ടുണ്ടെന്നും റോബിൻസൺ ഗിൽ ലോയേഴ്സ് അറിയിച്ചു.

പോലീസ് പരാതികളെ ശരിയായ രീതിയിൽ അല്ല കൈകാര്യം ചെയ്യുന്നതെന്നും, പോലീസിന്റെ മോശമായ പെരുമാറ്റത്തെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര ഏജൻസി വേണമെന്നും റോബിൻസൺ ഗിൽ ലോയേഴ്സ് ആവശ്യപ്പെട്ടു.

വിക്ടോറിയ പോലീസിന് അതിന്റേതായ പെരുമാറ്റ ചട്ടങ്ങൾ ഉണ്ടെന്നും, മോശമായ പെരുമാറ്റം ഉദ്യേഗസ്ഥരിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വിക്ടോറിയ പോലീസ് അറിയിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now