എസ് ബി എസ് പഞാബിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഡറ്റൻ ഈ കാര്യം അറിയിച്ചത്. എന്നാൽ, ഇതിന് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായി അഞ്ചു വർഷമെങ്കിലും മാതാപിതാക്കളെ ഓസ്ട്രേലിയയിൽ തങ്ങാൻ അനുവദിക്കണം എന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
നിലവിലെ നിയമപ്രകാരം ഒരു വർഷം മാത്രമേ തുടർച്ചയായി ഓസ്ട്രേലിയയിൽ തങ്ങാൻ കഴിയൂ. പിന്നെ ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വരാൻ കഴിയുന്നത്.
ദീർഘകാല വിസ എങ്ങനെ പ്രാവർത്തികമാക്കാം എന്ന കാര്യം കുടിയേറ്റകാര്യ മന്ത്രാലയം ചർച്ച ചെയ്തു വരികയാണെന്ന് ഡറ്റൻ പറഞ്ഞു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ വേണം ഇത് നടപ്പാക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇത് ശരിയായ രീതിയിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി ലേബർ പാർട്ടി ഉയർത്തിക്കാട്ടിയ മുഖ്യ വിഷയവും ഇതുതന്നെയായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മൂന്ന് വർഷം വരെ മാതാപിതാക്കൾക്ക് വിസ അനുവദിക്കുമെന്നായിരുന്നു ലേബർ പാർട്ടിയുടെ വാഗ്ദാനം. ഇതിന് പിന്നാലെയാണ് അഞ്ചു വർഷം വരെ നീളുന്ന വിസ അനുവദിക്കാമെന്ന് വാഗ്ദാനവുമായി ലിബറൽ പാർട്ടി രംഗത്തെത്തിയത്.
ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിലെ ചില അംഗങ്ങൾ ചേർന്ന് മാതാപിതാക്കൾക്കായുള്ള ദീർഘകാല വിസക്കുവേണ്ടി നടത്തിയ ശ്രമമാണ് കഴിഞ്ഞ ഫെഡറൽ ഇലക്ഷന്റെ സമയത്ത് ഈ വിഷയം ശ്രദ്ധേയമാമാകാൻ കാരണം.
പീറ്റർ ഡറ്റൻ പറഞ്ഞതിനെ പൂർണമായി സ്വാഗതം ചെയ്യുന്നുവെന്ന് മാതാപിതാക്കൾക്കായുള്ള ദീഘകാല വിസ ക്യാംപെയ്‌ന്റെ കൺവീനർ അരവിന്ദ് ഡഗ്ഗൽ പറഞ്ഞു. എന്നാൽ ഇതിനായുള്ള ചിലവും മറ്റും ഇവിടെ കുടിയേറിപാർക്കുന്നവർക്ക് താങ്ങാൻ കഴിയുമോ എന്ന കാര്യമാണ് ഏറ്റവുമധികം ഉറ്റുനോക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.