പുതിയ നിയമപ്രകാരം NSW ൽ മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടെത്തിയാൽ മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കുന്നത്. കൂടാതെ, $561 പിഴയും ഇടയാക്കും. പരിശോധന നടത്തി ഉടനടി തന്നെ ശിക്ഷ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി മെലിന്‍ഡ പവേയ് അറിയിച്ചു.
ഈ വര്ഷം അവസാനത്തോടെ പ്രാബല്യത്തിൽ വരുന്ന നിയമം മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവർക്കും ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂര്‍ണ ലൈസന്‍സുള്ളവര്‍ക്ക് വാഹനമോടിക്കുമ്പോഴുള്ള അനുവദനീയമായ മദ്യത്തിന്റെ അളവ്.
ലേണേഴ്‌സ് ലൈസന്‍സുള്ളവര്‍ക്കും പി പ്ലേറ്റുകാര്‍ക്കും അല്‍പം പോലും മദ്യത്തിന്റെ അംശം പാടില്ല.
ഇതില്‍ നിന്ന് നേരിയ അളവിലെങ്കിലും കൂടുതലായി മദ്യത്തിന്റെ അംശം കണ്ടെത്തിയാലാണ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുന്നതും പിഴ ഇടാക്കുന്നതും. മദ്യത്തിന്റെ അളവ് ഏറെ കൂടുതലാണെങ്കില്‍ ആള്‍ക്കഹോള്‍ ഇന്റര്‍ലോക്ക് സംവിധാനത്തിന്റെ കീഴില്‍ ആ ഡ്രൈവറെ കൊണ്ടുവരും.
അതായത് ഇവരുടെ വാഹനം സ്റ്റാർട്ട് ചെയ്യുന്നിടത്ത് ഒരു ബ്രെത്ത് അനലൈസർ ഘടിപ്പിക്കുകയും ഓരോ തവണ വാഹനം ഓടിക്കാൻ തുടങ്ങുമ്പോഴും ഇതിൽ ഊതുകയും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പായാൽ മാത്രം വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയുകയും ചെയ്യുന്ന സംവിധാനമാണിത്.
അപകട സാധ്യത വർധിപ്പിക്കുന്ന അളവിൽ മദ്യപിച്ചിലുള്ളതായി കണ്ടെത്തുന്നവർക്കും ആവർത്തിച്ച് നിയമം തെറ്റിക്കുന്നവർക്കും വാഹനം ഓടിക്കുന്നതിൽ നിയന്ത്രണം വരുത്തുകയോ ഒരു നിശ്ചിത കാലത്തേക്ക് വാഹനം ഓടിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യും.
ഇതിന് പുറമെ ലൈസൻസ് പ്ലേറ്റ് പിടിച്ചെടുക്കുകയും വാഹനം പൂട്ടിവയ്ക്കുകയും ചെയ്യുമെന്നും നിയമം വ്യക്മാക്കുന്നു .
അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമഭേദഗതിയെയെന്ന് മന്ത്രി അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചതു മൂലം കഴിഞ്ഞ വർഷം മാത്രം 55 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. കൂടാതെ, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതു വഴി 88 പേർ കൊല്ലപ്പെട്ടിരുന്നു.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ്ലൈക് ചെയ്യുക.

