ന്യൂ സൗത്ത് വെയിൽസിൽ ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളിൽ ഒന്നാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.
ഇലവാര മുതൽ മിഡ്-നോർത്ത് കോസ്റ്റ് മേഖല വരെ കനത്ത മഴയും വെള്ളപ്പൊക്കവും ഭീഷണിയുയർത്തുന്നതായാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചിലയിടങ്ങളിൽ 600 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം.
ഹണ്ടർ മേഖലയിലുള്ള ബുലാഡെലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ഇവിടെ നിന്ന് ഒഴിഞ്ഞു പോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രദേശത്ത് പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും വാരാന്ത്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകാമെന്നും കമ്മീഷണർ കാർലീൻ യോർക്ക് പറഞ്ഞു.
ബെല്ലിൻഗർ, ഒറാറ, നംബുക്ക, ഹെസ്റ്ററിംഗ്‌സ്,മ്യാൽ എന്നീ നദികളിൽ വെള്ളം ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
പലയിടങ്ങളിലും വ്യാഴാഴ്ച രാത്രി 100 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. ഇരുപത്തി നാല് മണിക്കൂറിൽ 11 രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി എമർജൻസി വിഭാഗം അറിയിച്ചു.