മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടു കൂടി ഗവേഷണത്തിന് പ്രവേശനം ലഭിച്ചപ്പോഴാണ്, 2015 ഓഗസ്റ്റില്‍ അനന്ത് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചത്.
എന്നാല്‍ പത്തു മാസത്തിനു ശേഷവും ഓസ്‌ട്രേലിയന്‍ അധികൃതരില്‍ നിന്ന് അനന്തിന് മറുപടി ഒന്നും ലഭിച്ചില്ല.
ഇതോടെ തിരുവനന്തപുരം എം പി ശശി തരൂരുമായി അദ്ദേഹം ബന്ധപ്പെട്ടു. ഇതോടെയാണ് വിസ നിഷേധിച്ചതിന്റെ കാരണം വ്യക്തമായത്.
ശശി തരൂര്‍ ന്യൂ ഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം അവിടെ നിന്ന് അനന്തിന് ലഭിച്ച കത്തിലാണ് വിസ നിഷേധിച്ചതിന്റെ കാരണം സൂചിപ്പിച്ചത്.
'അനന്ത് ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ച് സംശയങ്ങളുണ്ടെന്നും, കൂട്ടക്കുരുതിക്ക് ഉപയോഗിക്കാവുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിസ നിഷേധിച്ച'തെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും തരൂര്‍ കത്തയച്ചിട്ടുണ്ട്.
>
ഇന്ത്യയില്‍ നിന്നുള്ള ഗവേഷകരെ ഉത്തരകൊറിയയിലെയും പാകിസ്ഥാനിലെയും ആണവഗവേഷകരെ പോലെ കണക്കാക്കുന്നത് ശരിയല്ലെന്നും ഈ കത്തില്‍ ശശി തരൂര്‍ തുറന്നടിച്ചു. കടുത്ത ഭാഷയിലാണ് അദ്ദേഹം ഈ കത്തെഴുതിയിരിക്കുന്നത്.