രണ്ടു ലക്ഷത്തോളം ഡോളര്‍ ശമ്പള ഇനത്തില്‍ നല്‍കിയില്ല എന്നാരോപിച്ചാണ് മിഥുന്‍ ഭാസി ജോലി രാജി വച്ചിരിക്കുന്നത്.
രണ്ടു വര്‍ഷത്തോളം മിഥുന്‍ ഭാസി ഇവിടെ ജോലി ചെയ്തിരുന്നു. ദിവസം പന്ത്രണ്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയ്തിരുന്നു എന്നാണ് മിഥുന്‍ അവകാശപ്പെടുന്നത്.
എന്നാല്‍ 38 മണിക്കൂറിന്റെ ശമ്പളം മാത്രമാണ് റെസ്റ്റോറന്റ് ഉടമ നല്‍കിയതെന്നും, പെനാല്‍ട്ടി നിരക്കോ ഓവര്‍ടൈം ആനൂകൂല്യങ്ങളോ നല്‍കിയില്ലെന്നും മിഥുന്‍ എ ബി സിയോട് പറഞ്ഞു.
മിഥുന്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥ അറിയിച്ചതനുസരിച്ച് സൗത്ത് കോസ്റ്റ് ലേബര്‍ കൗണ്‍സില്‍ യൂണിയന്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. അര്‍ഹമായതിലും $227,000 ഡോളര്‍ കുറച്ചാണ് മിഥുന് ലഭിച്ചിരിക്കുന്ന ശമ്പളമെന്ന് കൗണ്‍സില്‍ സൂചിപ്പിച്ചു.
മിഥുനുമായും റെസ്‌റ്റോറന്റ് ഉടമയുമായും ബന്ധപ്പെടാന്‍ എസ് ബി എസ് മലയാളം ശ്രമിച്ചെങ്കിലും രണ്ടുപേരും പ്രതികരിച്ചിട്ടില്ല. രണ്ടുപേരുടെയും പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ റെസ്റ്റോറന്റിന്റെയും ഉടമയുടെയും പേര് എസ് ബി എസ് മലയാളം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നില്ല.
കുറഞ്ഞ ശമ്പളം നല്‍കിയതിനു പുറമേ, രണ്ടാഴ്ച കൂടുമ്പോള്‍ മിഥുനില്‍ നിന്ന് നിശ്ചിത തുക റെസ്‌റ്റോറന്റുടമ തിരികെ വാങ്ങിയിരുന്നു എന്നാണ് പരാതി. റെസ്റ്റോറന്റിന്റെ നികുതിയും വാടകയും നല്‍കാനുള്ള ഇനത്തിലാണ് ഇതെന്നും മിഥുന്‍ പറയുന്നു.
2016ല്‍ 457 വിസയില്‍ ഓസ്‌ട്രേലിയയിലേക്കെത്തിയതാണ് അങ്കമാലി സ്വദേശിയായ മിഥുന്‍.
ക്യാമറ നിരീക്ഷണം
റെസ്‌റ്റോറന്റിന്റെ അടുക്കളയില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലൂടെ റെസ്റ്റോറന്റ് ഉടമ ജോലിക്കാരെ നിരീക്ഷിക്കാറുണ്ടായിരുന്നുവെന്നും, തിരക്കില്ലാത്ത സമയത്ത് എവിടെയെങ്കിലും ഇരുന്നാല്‍ ഉടന്‍ അക്കാര്യം വിളിച്ചു ചോദിക്കുമെന്നും മിഥുന്‍ എ ബി സിയോട് പറഞ്ഞു.
അതേസമയം, കൂടുതല്‍ സമയം ജോലി ചെയ്യാനുള്ള തീരുമാനം മിഥുന്റേതായിരുന്നുവെന്നും, ജോലിക്ഷമത കുറവായതിനാലാണ് അത് വേണ്ടിവന്നതെന്നും റെസ്റ്റോറന്റ് ഉടമ വിശദീകരിച്ചതായി എ ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ സമയം ജോലി ചെയ്യുന്നതിനാല്‍ അതിനുള്ള ശമ്പളം നല്‍കണമെന്ന് ഒരിക്കല്‍ പോലും മിഥുന്‍ ആവശ്യപ്പെട്ടില്ലെന്നും ഉടമ എ ബി സിയോട് ചൂണ്ടിക്കാട്ടി.
ജോലിക്കാര്‍ നേരത്തേ കട അടയ്ക്കുന്നുണ്ടോ എന്നറിയുന്നതിനു വേണ്ടിയാണ് താന്‍ അടുക്കളയില്‍ ക്യാമറ സ്ഥാപിച്ചതെന്നും, തന്നില്‍ നിന്ന് കടം വാങ്ങിയ പണമാണ് രണ്ടാഴ്ചയിലൊരിക്കല്‍ മിഥുന്‍ തിരികെ നല്‍കിയിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ താന്‍ കടം വാങ്ങിയിട്ടില്ല എന്നാണ് മിഥുന്റെ വാദം.