മെല്‍ബണില്‍ ചിത്രകാരനും കര്‍ണ്ണാടക സംഗീതജ്ഞനുമായ സേതുനാഥ് പ്രഭാകറും കുടുംബവും 2016 ജൂലൈയിലാണ് ഡിസ്റ്റിംഗ്വിഷ്ഡ് ടാലന്റ് റെസിഡന്റ്‌സ് വിസയ്ക്കായി അപേക്ഷിച്ചത്.
കലാരംഗത്ത് രാജ്യാന്തര തലത്തിൽ മികച്ച നേട്ടം കൈവരിച്ചവർക്കാണ് ഈ വിസയ്ക്കായി അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
എന്നാല്‍ 2016 ഡിസംബറില്‍ അപേക്ഷ കുടിയേറ്റകാര്യ വകുപ്പ് നിരസിച്ചിരുന്നു.
ഇതിനെതിരെ അദ്ദേഹം അഡ്‌മിനിസ്‌ട്രേറ്റീവ് അപ്പീല്‍സ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണലും സര്‍ക്കാര്‍ തീരുമാനം ശരിവച്ചു.
വിശിഷ്ട കലാകാരന്‍മാര്‍ക്കുള്ള വിസ ലഭിക്കുന്നതിന് അനിവാര്യമായ തലത്തില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കലാസൃഷ്ടികളുടെ തെളിവ് സമര്‍പ്പിക്കാന്‍ അപേക്ഷകന് കഴിഞ്ഞിട്ടില്ലെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി.
കഴിവും പ്രതിബദ്ധതയുമുള്ള കലാകാരനാണ് സേതുനാഥ് പ്രഭാകറെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും നിരവധി അംഗീകാരങ്ങള്‍ കിട്ടിയ കാര്യവും പരിഗണിച്ചു.
സംസ്ഥാന മന്ത്രിമാരുടെയും പാര്‍ലമെന്റംഗങ്ങളുടെയും ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ സാക്ഷ്യപത്രങ്ങളും അപേക്ഷയ്‌ക്കൊപ്പം സേതുനാഥ് സമര്‍പ്പിച്ചെങ്കിലും അതും വിസ അനുവദിക്കാനുള്ള കാരണമായി ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല.

കർണാടക സംഗീതത്തിലും ചിത്രരചനയിലും രാജ്യാന്തര തലത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ള കലാകാരനാണ് സേതുനാഥ്. 2015 മുതൽ മെൽബൺ ആസ്ഥാനമാക്കി ഇദ്ദേഹം കലാക്ഷേത്ര ആർട്ട് ആൻഡ് മ്യൂസിക് സ്കൂൾ നടത്തിവരുന്നുണ്ട്. കൂടാതെ ഇന്ത്യയിലും ഓസ്‌ട്രേലിയയിലും നിരവധി ചിത്ര പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.
2008ലാണ് സേതുനാഥും കുടുംബവും ഓസ്‌ട്രേലിയയിലെത്തിയത്. നിരവധി സംഗീത പരിപാടികളും ചിത്രപ്രദര്ശനങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ഓസ്‌ട്രേലിയൻ ചരിത്രത്തിൽ വിശിഷ്ട സേവനം അനുഷ്ഠിച്ചിട്ടുള്ള 50 പേരുടെ ചിത്രങ്ങൾ വരച്ച ഇദ്ദേഹം 2017 മേയിൽ വിക്ടോറിയൻ പാർലമെന്റിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
അപ്പീലുമായി മുന്നോട്ട്
ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് സേതുനാഥ് പ്രഭാകര്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ താന്‍ നടത്തിയ പല പ്രദര്‍ശനങ്ങളുടെയും തെളിവുകള്‍ ട്രൈബ്യൂണല്‍ കണക്കിലെടുത്തത് പോലുമില്ലെന്നും, അക്കാര്യം ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിസ ലഭിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും സേതുനാഥ് പ്രഭാകര് പറഞ്ഞു.
Share

