ജനസംഖ്യ കൂടിയിട്ടും മലയാളത്തിന് NAATI അംഗീകാരമില്ല; സർക്കാരിനെ സമീപിക്കാൻ മലയാളി കൂട്ടായ്മകൾ

ഓസ്ട്രേലിയയിൽ ഭാഷാ വിവർത്തകർക്കുള്ള NAATI അംഗീകാരം മലയാളത്തിനും ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വിവിധ മലയാളി കൂട്ടായ്മകൾ പ്രചാരണവുമായി രംഗത്തെത്തി. അതേസമയം, മലയാളം പരിഗണനാ പട്ടികയിലുണ്ടെന്ന് NAATI എസ് ബി എസ് മലയാളത്തോട് വ്യക്തമാക്കി.

NAATI accreditation malayalam

Source: NAATI

ഓസ്ട്രേലിയയിൽ വിവർത്തകർക്കും പരിഭാഷകർക്കും സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള ഔദ്യോഗിക ഏജൻസിയാണ് നാഷണൽ അക്രഡിറ്റേഷൻ അതോറിറ്റി ഫോർ ട്രാൻസ്ലേറ്റേഴ്സ് ആന്റ് ഇന്റർപ്രെട്ടേഴ്സ് അഥവാ NAATI.

കോമൺവെൽത്ത് സർക്കാരിന്റെയും, സംസ്ഥാന-ടെറിട്ടറി സർക്കാരുകളുടെയും സംയുക്ത ഉടമസ്ഥതയിൽ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.

ഓസ്ട്രേലിയയിൽ ഏതെങ്കിലും ഒരു ഭാഷയിലെ രേഖകൾ ഔദ്യോഗികമായി വിവർത്തനം ചെയ്യാനോ, കോടതികൾ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കായി പരിഭാഷ നടത്താനോ ഉള്ള അവകാശം NAATI അംഗീകാരമുള്ളവർക്കാണ് ലഭിക്കുന്നത്.

ഇതിനു പുറമേ, NAATI അംഗീകാരമുള്ള പല ഭാഷകളിലും പ്രാവീണ്യമുള്ളവർക്ക് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിനായി അധിക പോയിന്റും ലഭിക്കാറുണ്ട്.

പക്ഷേ മലയാളികളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിട്ടും NAATI അംഗീകാരമുള്ള ഭാഷകളുടെ പട്ടികയിലേക്ക് മലയാളം എത്തിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് വിവിധ മലയാളി കൂട്ടായ്മകൾ പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെ (KMCC) മെൽബൺ ചാപ്റ്ററാണ് പ്രചാരണരംഗത്ത് ഏറ്റവും സജീവമായി രംഗത്തുള്ളത്. NAATI മലയാളത്തെ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണം നടത്തുകയാണ് ഇവർ.

മലയാളികളായ രാജ്യാന്തര വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചതെന്ന് KMCC പ്രതിനിധി ഷിയാസ് ഖാലിദ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
malayalam
Source: Public Domain
ഒപ്പു ശേഖരണത്തിന് പിന്നാലെ, ഇക്കാര്യമാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ഈ വ്യാഴാഴ്ച മൾട്ടികൾച്ചറൽ അഫയേഴ്സ് വകുപ്പിന്റെ പാർലമെന്ററി സെക്രട്ടറി ജോഷ് ബുൾ എം പിയെ നേരിൽ നേരിൽ കണ്ട് നിവേദനം നൽകുമെന്ന് KMCC അറിയിച്ചു.

ഓസ്ട്രേലിയയുടെ മറ്റു ഭാഗങ്ങളിലും മലയാളി കൂട്ടായ്മകൾ ഈ ആവശ്യത്തിനായി രംഗത്തുണ്ട്. 

ന്യൂസൗത്ത് വെയിൽസിലെ വൊള്ളംഗോംഗിലുള്ള മലയാളികളും സമാനമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ കൂടുതൽ മലയാളികളിലേക്ക് ഈ സന്ദേശം എത്തിക്കുകയാണ് ചെയ്തതെന്ന് വൊള്ളംഗോംഗ് സ്വദേശി പ്രവീൺ വിന്നി പറഞ്ഞു.

NAATI അംഗീകാരം ലഭിച്ചാൽ…

പല തരത്തിലുള്ള അംഗീകാരങ്ങളാണ് NAATIയിൽ നിന്ന് ഒരു ഭാഷയ്ക്ക് ലഭിക്കുന്നത്.

ഇതിൽ ഏറ്റവും പൊതുവിൽ ലഭിക്കുന്നതാണ് NAATI സർട്ടിഫിക്കേഷൻ. വിവർത്തകരായും പരിഭാഷകരായും പ്രവർത്തിക്കാൻ അവസരമൊരുക്കുന്നതാണ് ഈ സർട്ടിഫിക്കേഷൻ. വിവിധ തലങ്ങളിൽ ഈ സർട്ടിഫിക്കേഷൻ നൽകാറുണ്ട്.

നിലവിൽ 64 ഭാഷകൾക്ക് ഈ അംഗീകാരമുണ്ട്. ഹിന്ദി, പഞ്ചാബി, ഗുജറാത്തി, തമിഴ്, ബംഗ്ല തുടങ്ങിയ ഭാഷകൾ ഈ പട്ടികയിലുണ്ട്.

ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ഒരു NAATI അംഗീകാരമാണ് ക്രെഡൻഷ്യൽഡ് കമ്മ്യൂണിറ്റി ലാംഗ്വേജ് ടെസ്റ്റ് (CCL). 
നിർദ്ദിഷ്ട ഭാഷകളിൽ CCL ടെസ്റ്റ് വിജയിക്കുന്നവർക്ക് വിവിധ വിസകൾക്ക് അപേക്ഷിക്കുമ്പോൾ അഞ്ചു പോയിന്റ് അധികമായി ലഭിക്കാറുണ്ട്.
ബോണസ് പോയിന്റ് എന്നാണ് പൊതുവിൽ ഇത് അറിയപ്പെടുന്നത്.

മൂന്ന് വിസ വിഭാഗത്തിലുള്ളവർക്കാണ് PRന് അപേക്ഷിക്കുമ്പോൾ അധിക പോയിന്റുകൾ ലഭിക്കുന്നതെന്ന് മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ എഡ്വേർഡ് ഫ്രാൻസിസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

സബ്ക്ലാസ്സ് 189 സ്കിൽഡ് ഇൻഡിപെൻഡെഡെന്റ് വിസ, സബ്ക്ലാസ്സ് 190 സ്കിൽഡ് നോമിനേറ്റഡ് വിസ, സബ്ക്ലാസ്സ്491 സ്‌കിൽഡ് റീജിയണൽ പ്രൊവിഷണൽ വിസ എന്നീ പോയിന്റ് അടിസ്ഥാനമായുള്ള വിസ വിഭാഗങ്ങൾക്കാണ് ഇത് പ്രയോജനം ചെയ്യുന്നതെന്ന് എഡ്വേർഡ് പറഞ്ഞു.
NAATI accreditation
Source: SBS

നിലവിൽ 48 ഭാഷകളാണ് ഈ പട്ടികിയിലുള്ളത്. ഹിന്ദി, പഞ്ചാബി, തമിഴ് തുടങ്ങിയ ഇന്ത്യൻ ഭാഷകൾ ഈ പട്ടികയിലുമുണ്ട്.

ഇതിനു പുറമേ പൊതുമേഖലയിലും, സ്വകാര്യമേഖലയിലും ഭാഷ കൈകാര്യം ചെയ്യുന്ന ജോലികൾക്കായി ശ്രമിക്കുന്നവർക്കുവേണ്ടി കമ്മ്യൂണിറ്റി ലാംഗ്വേജ് എയിഡ് ടെസ്റ്റ് (CLA) എന്ന അംഗീകാരവും NAATI  നൽകുന്നുണ്ട്.  23 ഭാഷകളിലാണ് ഈ അംഗീകാരം ലഭിക്കുക.

മലയാളം പരിഗണനയിലുണ്ടെന്ന് NAATI

മലയാളത്തിന് എന്തുകൊണ്ട് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല എന്ന കാര്യം അറിയാനായി NAATIയെയും എസ് ബി എസ് മലയാളം സമീപിച്ചു.

ഏതെങ്കിലും ഒരു ഭാഷയിൽ വിവർത്തനത്തിനോ പരിഭാഷയ്ക്കോ ആവശ്യം കൂടുമ്പോഴാണ് പട്ടികയിലേക്ക് അത് ചേർക്കുന്നതെന്ന് NAATI നാഷണൽ ഓപ്പറേഷൻസ് മാനേജർ മൈക്കൽ നെമറിച്ച് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. വിവർത്തകരോ പരിഭാഷകരോ ആകാനായി സമീപിക്കുന്നവരുടെ എണ്ണവും ഇതിനായി കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

NAATI സർട്ടിഫിക്കേഷൻ മലയാളത്തിന് ഇല്ലെങ്കിലും, മലയാളത്തിൽ വിവർത്തകരായും പരിഭാഷകരായും പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് Recognised Practicing Interpreter എന്ന അംഗീകാരത്തിനു വേണ്ടി ഇപ്പോൾ ശ്രമിക്കാൻ കഴിയുമെന്നും മൈക്കൽ നെമറിച്ച് അറിയിച്ചു.

അതേസമയം, വിസ അപേക്ഷകർക്ക് അധിക പോയിന്റ് ലഭിക്കുന്ന CCL ടെസ്റ്റിനായി മലയാളത്തെ ഉൾപ്പെടുത്തണം എന്ന ആവശ്യം ഇപ്പോൾ തന്നെ NAATIയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിൽ മലയാളത്തിൽ CCL ടെസ്റ്റ് എങ്ങനെ നടപ്പാക്കാൻ കഴിയും എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും NAATI നാഷണൽ ഓപ്പറേഷൻസ് മാനേജർ വ്യക്തമാക്കി.

READ MORE


Share

Published

Updated

By Salvi Manish

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ജനസംഖ്യ കൂടിയിട്ടും മലയാളത്തിന് NAATI അംഗീകാരമില്ല; സർക്കാരിനെ സമീപിക്കാൻ മലയാളി കൂട്ടായ്മകൾ | SBS Malayalam