സിഡ്നിയിൽ നിന്ന് 350 കിലോമീറ്റർ അകലെ, ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
കൂനാബാർബറിനിൽ താമസിച്ചിരുന്ന യുവ മലയാളി ദമ്പതികളാണ് മരിച്ചത്. ഇവരുടെ പേരുവിവരം പൊലീസ് ഇതുവരെയും ഔദ്യോഗികമായി പുറത്തുവിടാത്തതിനാൽ അത് റിപ്പോർട്ട് ചെയ്യാൻ നിയമപരമായി കഴിയില്ല.
ഉച്ചയ്ക്ക് 12.45ഓടെയാണ് എമർജൻസി വിഭാഗം സംഭവസ്ഥലത്ത് എത്തുന്നത്. റോഡിൽ നിന്ന് പുറത്തേക്ക് മാറിയ ടൊയോട്ട കാംറി സെഡാന് തീപിടിച്ചു എന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി വിഭാഗം സ്ഥലത്തെത്തിയത്.
പൊലീസ് സ്ഥലത്തെത്തുമ്പോൾ തലകീഴായി മറിഞ്ഞുകിടന്ന കാറിന് പൂർണമായും തീപിടിച്ചിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.
തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, കൂനാബാർബറിനിൽ താമസിച്ചിരുന്ന 29 വയസുള്ള പുരുഷനും, 28 വയസുള്ള സ്ത്രീയുമാണ് മരിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു.
അതേസമയം, മരിച്ചത് മലയാളികളാണെന്ന് ഒറാന മേഖലയിലെ മലയാളികൾ സ്ഥിരീകരിച്ചു. കൂനാബാർബറിനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു മരിച്ച സ്ത്രീയെന്നും പ്രദേശത്തുള്ളവർ അറിയിച്ചു.
അടുത്ത കാലത്ത് വിവാഹം കഴിഞ്ഞ ദമ്പതികളായിരുന്നു ഇവർ.
കൂനാബാർബനിൽ നിന്ന് ഡബ്ബോയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായതെന്നും ഒറാന മേഖലയിലെ മലയാളികൾ പറഞ്ഞു.
അപകടം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് സാക്ഷിയായവരോ, ഡാഷ് ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉള്ളവർക്ക് ക്രൈംസ്റ്റോപ്പേഴ്സിനെ 1800 333 000 എന്ന നമ്പരിലോ, https://nsw.crimestoppers.com.au എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.