വിശ്വസൗന്ദര്യ മത്സരത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് മിസ് യൂണിവേഴ്സ് ഓസ്ട്രേലിയയെ തെരഞ്ഞെടുക്കുന്നത്.
ഈയാഴ്ച നടന്ന മത്സരത്തിൽ 27 ഫൈനലിസ്റ്റുകളിൽ നിന്നാണ് മരിയ തട്ടിൽ ഓസ്ട്രേലിയൻ സൗന്ദര്യറാണി പട്ടം ചൂടിയത്.
മലയാളി-ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 കാരിയായ മരിയ തട്ടിൽ. മെൽബൺ സ്വദേശികളാണ് മരിയ തട്ടിലും കുടുംബവും.
1990കളിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛൻ ടോണി തട്ടിൽ.
അച്ഛന്റെ കുടുംബാംഗങ്ങൾ ഭൂരിഭാഗവും ഇപ്പോളും കേരളത്തിൽ തന്നെയുണ്ടെന്ന് മരിയ എസ് ബി എസിനോട് പറഞ്ഞു. കുട്ടിക്കാലത്ത് കേരളത്തിലേക്ക് പല തവണ യാത്ര ചെയ്തിട്ടുണ്ടെന്നും മരിയ പറഞ്ഞു.
കൊൽക്കത്തയിൽ നിന്നാണ് മരിയയുടെ അമ്മയുടെ കുടുംബം കുടിയേറിയത്.
മെൽബണിൽ ജനിച്ചുവളർന്ന മരിയ, മോഡലും, മേക്ക് അപ് ആർട്ടിസ്റ്റും, ഫാഷൻ സ്റ്റൈലിസ്റ്റുമാണ്.
മനശാസ്ത്രത്തിൽ ബിരുദവും, മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവുമുള്ള മരിയ, ഹ്യൂമൻ റിസോഴ്സസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
മെൽബണിലാണ് ജനിച്ചതെങ്കിലും, പൂർണമായും ഇന്ത്യൻ അന്തരീക്ഷത്തിലാണ് വളർന്നതെന്ന് മരിയ തട്ടിൽ എസ് ബി എസിനോട് പറഞ്ഞു.
പൂർണമായും ഒരു ഓസ്ട്രേലിയക്കാരിയായി സ്വയം വിലയിരുത്തുമ്പോഴും, ഇന്ത്യൻ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നയാളാണ് മരിയ.

Source: Supplied by Maria Thattil
ഇത് തുടർച്ചയായി രണ്ടാം വർഷമാണ് ഇന്ത്യൻ വംശജ ഓസ്ട്രേലിയൻ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇന്ത്യയിൽ നിന്ന് കുടിയേറിയ പ്രിയ സെറാവോ ആയിരുന്നു കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ.