ക്വീൻസ് ബർത്ത്ഡേയോടനുബന്ധിച്ചുള്ള ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങളാണ് ഗവർണർ ജനറൽ ഡേവിഡ് ഹർലി പ്രഖ്യാപിച്ചത്.
ചികിത്സാ രംഗത്തിനും ആരോഗ്യവിദ്യാഭ്യാസ മേഖലയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് മലയാളിയായ ഡോ. മുളവന ശാന്താദേവി പാർവതിക്ക് ബഹുമതി ലഭിച്ചത്.
മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ (OAM) ബഹുമതിയാണ് ഡോ. പാർവതിക്ക് ലഭിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസിലിലുള്ള മെരിവെഥർ സ്വദേശിയാണ് ഡോ. പാർവതി.
ഹണ്ടർ ന്യൂ ഇംഗ്ലണ്ട് ആരോഗ്യ മേഖലയിൽ 1985 മുതൽ ജനറൽ പ്രാക്ടീഷണറും വിസിറ്റിംഗ് മെഡിക്കൽ ഓഫീസറുമായി പ്രവർത്തിക്കുകയാണ് ഡോ. പാർവതി. ഇതോടൊപ്പം, 2006 മുതൽ വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കെത്തുന്ന ഡോക്ടർമാർക്ക് ഇവിടത്തെ രീതികളിൽ പരിശീലനം നൽകുന്നുമുണ്ട്.
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ ഫണ്ടിംഗിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ സ്കിൽസ് പ്രോഗ്രാമിന്റെ ഡയറക്ടറാണ് ഡോ. പാർവതി.
ഓസ്ട്രേലിയയിൽ ആദ്യമായി വിദേശപരിശീലനം ലഭിച്ച ഡോക്ടർമാർക്ക് വർക്ക്പ്ലേസ് ബേസ്ഡ് അസസ്മെന്റ് സംവിധാനം നടപ്പാക്കിയതിന്റെ സ്ഥാപക അംഗങ്ങളിലൊരാളുമാണ് ഡോ. പാർവതി.
ഈ സംഭാവനകൾ കണക്കിലെടുത്താണ് ഡോ. പാർവതിയെ OAM ബഹുമതിക്കായി തെരഞ്ഞെടുത്തത്.
ഡോ. പാർവതിയുടെ ഭർത്താവ് ഡോ. കിച്ചു നായർക്കും 2009ൽ മെംബർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ (AM) ബഹുമതി ലഭിച്ചിരുന്നു.
ചികിത്സാ രംഗത്തെയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെയും സംഭാവനകൾ കണക്കിലെടുത്തായിരുന്നു ഇതും.
എറണാകുളത്ത് ജനിച്ചുവളർന്ന ഡോ. പാർവതി ആലപ്പുഴ മെഡിക്കൽ കോളേജിലാണ് എം ബി ബി എസ് പഠനം പൂർത്തിയാക്കിയത്.
തുടർന്ന് 1981ൽ ബഹാമാസിലേക്കു പോയ ഡോ. പാർവതിയും ഡോ. കിച്ചു നായരും, അവിടെ നിന്നാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്.
രണ്ടു പെൺമക്കളാണ് ഇവർക്ക്.
ഡോ. പാർവതിയുമായുള്ള അഭിമുഖം വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് എസ് ബി എസ് മലയാളം റേഡിയോ പ്രക്ഷേപണത്തിൽ കേൾക്കാം.