സന്ദർശക വിസയിൽ ന്യൂസിലാന്റിലെത്തിയ മലയാളി യുവാവിനാണ് അഭയം നൽകാൻ കുടിയേറ്റകാര്യ ട്രൈബ്യൂണൽ ഉത്തരവിട്ടത്.
സ്വവർഗ്ഗാനുരാഗിയായതിനാൽ കേരളത്തിൽ സുരക്ഷിതത്വം ലഭിക്കില്ലെന്നും, വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുവെന്നുമുള്ള വാദം പരിഗണിച്ചാണ് ഉത്തരവ്.
മുസ്ലീം ലീഗ്, പോപ്പുലർ ഫ്രണ്ട്, അതിന്റെ പോഷക സംഘടനയായ SDPI എന്നിവയിൽ നിന്ന് ഭീഷണി നേരിടുന്നുവെന്ന യുവാവിന്റെ വാദം കണക്കിലെടുത്ത ട്രൈബ്യൂണൽ, ഇന്ത്യയിലേക്ക് തിരിച്ചുപോയാൽ ശാരീരിക ആക്രമണം നേരിടേണ്ടി വരാമെന്നും ചൂണ്ടിക്കാട്ടി.
അതിനാൽ 32കാരനായ യുവാവിന് ന്യൂസിലന്റിൽ അഭയം നൽകാൻ ട്രൈബ്യൂണൽ സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു.
“കേരളത്തിൽ സുരക്ഷയില്ല”
2018ൽ സന്ദർശക വിസയിലാണ് ഇയാൾ ന്യൂസിലാന്റിലെത്തിയത്.
സന്ദർശക വിസയ്ക്കുള്ള അപേക്ഷ ആദ്യം സർക്കാർ നിരസിച്ചെങ്കിലും, വ്യാജ സാമ്പത്തിക വിവരങ്ങൾ നൽകിയതിനെത്തുടർന്നാണ് രണ്ടാം തവണ വിസ ലഭിച്ചതെന്ന് ട്രൈബ്യൂണലിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ന്യൂസീലാന്റിലെത്തി നാലു മാസത്തിനു ശേഷം യുവാവ് അഭയാർത്ഥി അപേക്ഷ നൽകി.
സ്വവർഗ്ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ കേരളത്തിൽ വിവിധ മുസ്ലീം സംഘടനകളിൽ നിന്ന് ഭീഷണി നേരിടുകയാണെന്നും, തിരിച്ചുപോയാൽ ജീവന് ഭീഷണിയുണ്ടാകുമെന്നും അപേക്ഷയിൽ ഇയാൾ ചൂണ്ടിക്കാട്ടി.
സ്വവർഗ്ഗാനുരാഗം ഇസ്ലാമിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗും, പോപ്പുലർ ഫ്രണ്ടും തന്റെ കുടുംബത്തെ പോലും ഭീഷണിപ്പെടുത്തുകയാണെന്നും, പള്ളിയിൽ നിന്ന് കുടുംബത്തെ പുറത്താക്കിയെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അഭയത്തിനായുള്ള അപേക്ഷ ഒരു തവണ സർക്കാരും ട്രൈബ്യൂണലും നിരസിച്ചെങ്കിലും, കേരളത്തിലേക്ക് തിരിച്ചുപോകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി ഇയാൾ വീണ്ടും അപേക്ഷ നൽകി.
സർക്കാർ ഈ അപേക്ഷയും നിരസിച്ചതോടെയാണ് യുവാവ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചത്.
സ്വവർഗ്ഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കിയ ഇന്ത്യൻ സുപ്രീം കോടതി ഉത്തരവിനെപ്പോലും കേരളത്തിലെ മുസ്ലീം സംഘടനകൾ അംഗീകരിച്ചിട്ടില്ല എന്നാണ് വിവിധ പത്രവാർത്തകൾ ഉദ്ധരിച്ചുകൊണ്ട് യുവാവ് വാദിച്ചത്.
തിരിച്ചെത്തിയാൽ ആക്രമണം നേരിടേണ്ടിവരുമെന്ന് യുവാവിന്റെ സഹോദരനും കേരളത്തിൽ നിന്ന് വീഡിയോ മുഖേന മൊഴി നൽകി.
മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കേരളത്തിൽ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും അപേക്ഷയിൽ തെളിവായി ഹാജരാക്കിയിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ശക്തമാണെന്നും അപേക്ഷയിൽ പറയുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധനം വരുന്നതിനും മുമ്പായിരുന്നു ട്രൈബ്യൂണൽ ഈ കേസ് പരിഗണിച്ചതും വിധി പറഞ്ഞതും.
“പുരോഗമന കേരളം, എങ്കിലും സുരക്ഷയില്ല”
ന്യൂസിലന്റിലെ മസ്സേ യൂണിവേഴ്സിറ്റിയിൽ ഡിഫൻസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് ലക്ചററായ ഡോ. നെഗർ പാർടോയിൽ നിന്നും ട്രൈബ്യൂണൽ തെളിവെടുപ്പ് നടത്തിയിരുന്നു.
മതങ്ങളും മനുഷ്യസുരക്ഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകയാണ് ഡോ. പാർടോ.
ഇന്ത്യയിലെ ഏറ്റവും മതേതരവും, പുരോഗതിയുള്ളതുമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും, എന്നാൽ സ്വവർഗ്ഗാനുരാഗിയായ ഒരു മുസ്ലീമിന് കേരള സമൂഹത്തിൽ അത് തുറന്നുപറഞ്ഞ് ജീവിക്കാൻ പ്രയാസമാണ് എന്നുമായിരുന്നു ഡോ. പാർടോ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയിൽ LGBTIQ സമൂഹത്തിലുള്ളവർക്ക് ഇപ്പോഴും സുരക്ഷയില്ലെന്ന ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടും ട്രൈബ്യൂണൽ കണക്കിലെടുത്തു.
ന്യൂസിലാന്റിൽ നിന്ന് തിരിച്ചയച്ചാൽ യുവാവിന്റെ ജീവൻ തന്നെ അപകടത്തിലാകാം എന്ന് നിരീക്ഷിച്ചുകൊണ്ടാണ് അപേക്ഷ അംഗീകരിക്കാനും, അഭയം നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടത്.