സിഡ്‌നിയിലെ റൈഡിലുള്ള മെഡോ ബാങ്ക് ഓവലിൽ നവംബർ 18നാണ് ഇൻഡോ ഓസ് മിസ് സിഡ്നി 2018 സൗന്ദര്യ മത്സരം നടന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വുമൺ നെറ്റ്‌വർക്കാണ് മത്സരം സംഘടിപ്പിച്ചത്.
ബോളിവുഡ് നടിമാരായ അനന്യ സോണി, ശിഖ കൗശിക്, സിമ്രാൻ ഗുലാടി, ഷാനി രൂപ റായ്, പൂനം ഗൗർ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.
ഇൻഡോ ഓസ് മിസ് സിഡ്നി, ഇൻഡോ ഓസ് മിസ്സിസ് സിഡ്നി എന്നീ രണ്ട് വിഭാഗങ്ങളിലായി നടന്ന സൗന്ദര്യ മത്സരത്തിൽ 18 പേരാണ് പങ്കെടുത്തത്. ഇതിൽ ഇൻഡോ ഓസ് മിസ് സിഡ്നി മത്സരത്തിലാണ് ജെസ്‌ലിൻ രാജൻ ഒന്നാം സ്ഥാനത്തെത്തിയത്.
"ഫൈനൽ മത്സരത്തിന് മുൻപ് നടന്ന ടാലന്റ്റ് ഷോയിൽ താൻ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തമായ ഭരതനാട്യം അവതരിപ്പിച്ചിരുന്നു. ഇത് വിധികർത്താക്കളെയും സംഘാടകരെയും ഒരുപോലെ ആകർഷിക്കുകയും ചെയ്തിരുന്നു. ഇതാണ് ഫൈനൽ റൗണ്ടിലേക്ക് മത്സരിക്കാൻ അവസരം ലഭിക്കാൻ കാരണമായത്," ജെസ്‌ലിൻ രാജൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ചെറുപ്പം മുതൽ ഫാഷൻ ഷോയിൽ തല്പരയായ ഈ പതിനാറുകാരിയുടെ ഏറ്റവും വലിയ പ്രചോദനം ബോളിവുഡ് നടിയായ പ്രിയങ്ക ചോപ്രയാണ്.

Source: Supplied
സിഡനിയിലെ ദി പോൻഡ്‌സ് ഹൈ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ജെസ്‌ലിൻ.
"മോഡലിംഗ് രംഗത്തും തുടർന്ന് അഭിനയ രംഗത്തും കഴിവ് തെളിയിക്കണം. ഭാവിയിൽ ഒരു അറിയപ്പെടുന്നത് മോഡൽ ആകണമെന്നാണ് ആഗ്രഹം," ജെസ്‌ലിൻ പറഞ്ഞു.
ജെസ്‌ലിന് മോഡലിംഗ് രംഗത്തോടുള്ള താല്പര്യം ചെറുപ്പം മുതൽ ശ്രദ്ധിച്ചിരുന്നെങ്കിലും മാതാപിതാക്കൾ എന്ന നിലയിൽ മകളെ നിരുത്സാഹപ്പെടുത്തുകയാണ് ആദ്യം ചെയ്തിരുന്നതെന്ന് ജെസ്‌ലിൻറെ പിതാവ് രാജൻ തോമസ് പറഞ്ഞു.
സ്വന്തം നിർബന്ധപ്രകാരം മത്സരത്തിൽ പങ്കെടുത്ത ജെസ്‌ലിൻ ഒന്നാമതെത്തുമെന്ന് അവസാനം നിമിഷം വരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മകളുടെ വിജയത്തിൽ അഭിമാനിക്കുന്നുവെന്നും പഠനത്തിലും മികച്ച നിലവാരം പുലർത്തുന്ന മകൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും രാജൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Source: Supplied

Source: Supplied
Share

