മൂന്നു ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ബ്രിസ്ബൈൻ ജില്ലാ കോടതി 39കാരനായ അനിൽ തോമസിനെ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയത്. 12 അംഗ ജൂറി ഐകകണ്ഠേനയാണ് ഈ തീരുമാനത്തിലേക്കെത്തിയത്.
ലൈംഗിക പീഡനത്തിന് അഞ്ചു കേസുകളും, ബലാത്സംഗത്തിന് രണ്ടു കേസുകളും, ബലാത്സംഗ ശ്രമത്തിന് ഒരു കേസുമാണ് അനിൽ തോമസിന്റെ പേരിൽ ചുമത്തിയിരുന്നത്. ഈ എല്ലാ കേസുകളിലും അനിൽ തോമസിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബ്രിസ്ബൈനിലെ മാൻലി വെസ്റ്റിൽ വച്ച് കാറിനുള്ളിൽ വച്ച് ഊബർ ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് 16കാരി പരാതി നൽകുകയായിരുന്നു.
എന്നാൽ, പെൺകുട്ടിയാണ് ലൈംഗിക ബന്ധത്തിന് തന്നെ പ്രലോഭിപ്പിച്ചതെന്നും, തടയാൻ ശ്രമിച്ചെങ്കിലും തന്റെ മനോനിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നുമായിരുന്നു അനിൽ തോമസിന്റെ വാദം.
പെൺകുട്ടിയുമായി ലൈംഗിക ചേഷ്ടകളിലേർപ്പട്ടെങ്കിലും, പരസ്പരമുള്ള ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും അനിൽ തോമസ് വാദിച്ചു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനിൽ തോമസ് യാത്രക്കാരിയുമായി ഇത്തരത്തിൽ പെരുമാറിയത് അധാർമ്മികമാണെന്ന് വാദിക്കാമെങ്കിലും, ധാർമ്മികതയുടെ വിഷയം കോടതി പരിഗണിക്കേണ്ട കാര്യമില്ല എന്നായിരുന്നു അനിൽ തോമസിന്റെ അഭിഭാഷകന്റെവാദം.
വിചാരണയുടെ രണ്ടാം ദിവസമാണ് അനിൽ തോമസിന്റെ വാദം ബ്രിസ്ബൈൻ ജില്ലാ കോടതി കേട്ടത്. കരഞ്ഞുകൊണ്ട് സാക്ഷിക്കൂട്ടിൽ നിന്ന അനിൽ തോമസ് സ്വന്തം ഭാഗം വിശദീകരിച്ചു.
പെൺകുട്ടി ആരോപിക്കുന്ന പോലെ ബലാത്സംഗം നടന്നിട്ടില്ലെന്നും, പെൺകുട്ടിയുടെ പ്രലോഭനം തടയാനാകാതെയാണ് താൻ ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ടതെന്നും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനിൽ തോമസ് പറഞ്ഞു.
കരഞ്ഞുകലങ്ങിയ കണ്ണുകളും, കാലുകളിൽ നിറയെ ചെളിയുമായാണ് സംഭവ ദിവസം 16കാരി തന്റെ കാറിൽ കയറിയത്. കാമുകനുമായി വഴക്കിട്ടെന്ന് പറഞ്ഞ പെൺകുട്ടി, മദ്യപിക്കാനായി പല തവണ തന്നോട് പണം ആവശ്യപ്പെട്ടെന്നും അനിൽ തോമസ് പറഞ്ഞു.
കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ പെൺകുട്ടി രോഷാകുലയായി. ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തെത്തിയപ്പോൾ കാർ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനും, പണമില്ലാത്തതിനാൽ ഊബർ അക്കൗണ്ട് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു.
കാർ ഒരു മരത്തിന് ചുവട്ടിൽ നിർത്താൻ ആവശ്യപ്പെട്ട പെൺകുട്ടി, താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിച്ചതായി അനിൽ ഇലവത്തുങ്കൽ തോമസ് പറഞ്ഞു.
തന്നെ നിർബന്ധമായി സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്റെ നിയന്ത്രണം നഷ്ടമായെന്നും അനിൽ തോമസ് വാദിച്ചു.
തുടർന്ന് പെൺകുട്ടിയുമായി ചില ലൈംഗിക ചേഷ്ടകളിലേർപ്പെട്ടുവെന്നും, എന്നാൽ പെൺകുട്ടി അവകാശപ്പെടുന്നപോലെ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
പെൺകുട്ടിയുടെ അമ്മയെയും കോടതി നേരത്തെ വിസ്തരിച്ചിരുന്നു. പെൺകുട്ടിയും അമ്മയും തമ്മിൽ ഫോണിൽ അയച്ച സന്ദേശങ്ങൾ പ്രതിഭാഗം കോടതിയെ വായിച്ചുകേൾപ്പിച്ചു.
സംഭത്തെക്കുറിച്ച് പൊലീസിലറിയിച്ചോ എന്നു ചോദിച്ച അമ്മയോട് പെൺകുട്ടി നിരവധി ഒഴിവുകഴിവുകൾ പറഞ്ഞതായാണ് മൊബൈൽ സന്ദേശങ്ങളിൽ നിന്ന് പ്രതിഭാഗം വായിച്ചത്.
മൂന്ന് ദിവസം നീണ്ട വിചാരണക്ക് ശേഷം വിധി പറയാൻ ജൂറി ബുധനാഴ്ച പിരിഞ്ഞിരുന്നു. വ്യാഴാച രാവിലെയാണ് അനിൽ കുറ്റക്കാരനല്ലെന്ന് 12 അംഗ ജൂറി ഐകകണ്ഠേന വിധിച്ചത്.