ഓസ്‌ട്രേലിയയില്‍ മരിച്ച മലയാളികളെ നാട്ടിലെത്തിക്കാനാകുന്നില്ല; മടക്കയാത്രയ്ക്ക് തടസ്സമായി കൊറോണനിയന്ത്രണം

ഓസ്‌ട്രേലിയയില്‍ മരിച്ച നിരവധി മലയാളികളുടെ മൃതദേഹങ്ങൾ കൊറോണവൈറസ് ബാധ മൂലമുള്ള യാത്രാവിലക്കുകളെത്തുടര്‍ന്ന് നാട്ടിലെത്തിക്കാന്‍ കഴിയുന്നില്ല. മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇവിടെ തന്നെ സംസ്‌കരിക്കുകയാണ്. അതിനിടെ, കാര്‍ഗോ വിമാനത്തില്‍ ചിലരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

death

Source: Getty Images/Pascal Deloche

ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വാറിയില്‍ സൈക്കിള്‍ സവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു 36കാരനായ മെജോ വര്‍ഗീസ്. ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം അദ്ദേഹം മരണത്തിനു കീഴടങ്ങി.

ഗര്‍ഭിണിയായ ഭാര്യയും ഒരു മകനും പോര്‍ട്ട് മക്വാറിയില്‍ തന്നെയുണ്ടെങ്കിലും, മെജോയുടെ മൃതദേഹം കേരളത്തിലേക്ക് എത്തിക്കണം എന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഗ്രഹം.

അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സ്വദേശിയായ മെജോ വര്‍ഗ്ഗീസിന്റെ മാതാപിതാക്കള്‍ നാട്ടിലാണുള്ളത്. അവര്‍ക്ക് മകനെ അവസാനമായി ഒരുനോക്കു കാണാന്‍ എങ്ങനെയും മൃതദേഹം നാട്ടിലേക്കെത്തിക്കാനാണ് മെജോയുടെ ഭാര്യയും, പോര്‍ട്ട് മക്വാറിയിലെ മലയാളി സമൂഹവും ശ്രമിക്കുന്നത്.

എന്നാല്‍ ഇന്ത്യയിലെ യാത്രാവിലക്കാണ് ഇതിന് തടസ്സം. മാതാപിതാക്കള്‍ക്ക് ഇങ്ങോട്ടേക്ക് വരാനോ, സാധാരണ രീതിയില്‍ മൃതദേഹം നാട്ടിലേക്കെത്തിക്കാനോ യാത്രാവിലക്കുകള്‍ കാരണം കഴിയുന്നില്ലെന്ന് മെജോയുടെ സുഹൃത്ത് ഷിജോ പി ജോസഫ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
death
Source: Facebook
പതിവു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കാര്‍ഗോ  വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നാണ് സുഹൃത്തുക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സിഡ്‌നിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്.

മെജോയുടെ മരണത്തിനു പിന്നാലെയായിരുന്നു, ന്യൂ സൗത്ത് വെയില്‍സിലെ തന്നെ വൊളംഗോംഗിലുള്ള എ ആര്‍ നജേന്ദ്രന്റെയും (45) മരണവാര്‍ത്ത.

സുഹൃത്തുക്കളായിരുന്നു മെജോയും നജേന്ദ്രനും. ഹൃദയാഘാതം തന്നെയാണ് നജേന്ദ്രന്റെയും മരണകാരണം എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചത്.

എന്നാല്‍ യാത്രാവിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നജേന്ദ്രന്റെ മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചുവെന്ന് ഇല്ലവാര കേരള സമാജം പ്രസിഡന്റ് പോള്‍ ഇലഞ്ഞിക്കല്‍ പറഞ്ഞു.

നിയന്ത്രണങ്ങളോടെ അന്തിമ ചടങ്ങുകള്‍

സാമൂഹിക നിയന്ത്രണങ്ങള്‍ മൂലം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പത്തു പേര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.

ഇല്ലവാര മലയാളി സമാജത്തിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്ന നജേന്ദ്രന്‍ വൊളംഗോംഗ് മലയാളി സമൂഹത്തില്‍ സജീവമായിരുന്നു. എന്നിട്ടും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കു പോലും കഴിഞ്ഞില്ല.
death
Source: Facebook/Illawarra Kerala Samajam
ഓണ്‍ലൈനായാണ് എല്ലാവരും സംസ്‌കാര ചടങ്ങുകളുടെ ഭാഗമായതെന്ന് പോള്‍ ഇലഞ്ഞിക്കല്‍ പറഞ്ഞു.

പോര്‍ട്ട് മക്വാറിയില്‍ സജീവ സാന്നിദ്ധ്യമായിരുന്ന മെജോ വര്‍ഗീസിന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. മെജോയുടെ മരണത്തിനു പിന്നാലെ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയും സ്‌കൈപ്പിലൂടെയാണ് നടത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതുപോലുള്ള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുന്നതിനായി പോലും ഒത്തു കൂടാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മെജോയുടെ മറ്റൊരു സുഹൃത്ത് ഡോ. റോഷന്‍ എബ്രഹാം ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ചകളില്‍ മറ്റു പല ഓസ്‌ട്രേലിയന്‍ മലയാളികളും മരിച്ചിരുന്നു. ഇവരുടെയെല്ലാം സംസ്‌കാര ചടങ്ങുകള്‍ ഇവിടെ തന്നെയാണ് നടത്തിയത്.

തിരിച്ചുപോകാന്‍ കഴിയാതെ...

ഓസ്‌ട്രേലിയക്കാര്‍ മാത്രമല്ല, ഏതാനും മാസങ്ങളുടെ സന്ദര്‍ശനം മാത്രം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലേക്കെത്തിയ നിരവധി പേരും ഇവിടെ തന്നെ അന്ത്യവിശ്രമം  കൊള്ളുകയാണ്.

മക്കളെയും കൊച്ചുമക്കളയെും സന്ദര്‍ശിക്കാനായി എത്തിയ പല രക്ഷിതാക്കളും അടുത്ത ദിവസങ്ങളില്‍ മരണമടഞ്ഞിരുന്നു.

ഉടന്‍ മടങ്ങിയെത്തും എന്ന് നാട്ടിലെ  ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞുപോന്ന ഇവരുടെ മൃതദേഹം പോലും നാട്ടിലെത്തിക്കാന്‍ കഴിയാത്ത വിഷമത്തിലാണ് മക്കളും മരുമക്കളുമെല്ലാം.

മെല്‍ബണിലെ സൗത്ത് മൊറാംഗില്‍ ഏതാനും ദിവസം മുമ്പ് മരിച്ച മാത്യു കുഴിഞ്ഞാലിക്കുന്നേലിന്റെ (74) മൃതദേഹം നാട്ടിലെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. മകളെ കാണാനായി എത്തിയ അദ്ദേഹം മസ്തിഷ്‌കത്തിലെ രക്തസ്രാവം മൂലമാണ് മരിച്ചത്.
death
Source: Supplied
എന്നാല്‍ മൃതദേഹം കൊണ്ടുപോകാന്‍ കഴിയുന്ന കാര്യത്തില്‍ എന്തെങ്കിലും വ്യക്തത ലഭിക്കാന്‍ പോലും മേയ് ആദ്യവാരം വരെ കാത്തിരിക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചതായി മരുമകന്‍ സന്തോഷ് അഗസ്റ്റിന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കാന്‍ നിര്‍ബന്ധിതരായെന്നും സന്തോഷ് അറിയിച്ചു.

മാത്യു കുഴിഞ്ഞാലിക്കുന്നേലിന്റെ മറ്റു മക്കളുമെല്ലാം വിദേശത്താണ്. മൃതദേഹം നാട്ടിലെത്തിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്കെല്ലാം എത്താനോ, അവസാനമായി ഒന്നു കാണാനോ കഴിയില്ല. അതു കൂടി കണക്കിലെടുത്താണ് ഇവിടെ തന്നെ സംസ്‌കാരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സമാനമായ സാഹചര്യമായിരുന്നു മെല്‍ബണില്‍ ഏപ്രില്‍ ആദ്യവാരം മരിച്ച റോസി തോമസിന്റേതും (70). മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റോസി രക്താര്‍ബുദം ബാധിച്ചാണ് മരിച്ചത്.

കൊറോണവൈറസ് ബാധ ഓസ്‌ട്രേലിയയിലും ഏറ്റവും രൂക്ഷമായിരുന്ന സമയത്ത്, ഇന്ത്യയിലെ യാത്രാവിലക്കു കൂടി കണക്കിലെടുത്തപ്പോള്‍ ഇവിടെ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചുവെന്ന് മരുമകന്‍ നിജോ കുര്യന്‍ പറഞ്ഞു.
death
Source: Supplied
'അമ്മയുടെ മക്കള്‍ എല്ലാവരും വിദേശത്താണ്. മൃതദേഹം കൊണ്ടുപോയാലും മറ്റാര്‍ക്കും നാട്ടിലെത്താന്‍ കഴിയില്ല. അതിനാലാണ് ഇവിടെ തന്നെ  സംസ്‌കരിച്ചത്,' അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തു പേര്‍ മാത്രം പങ്കെടുത്ത സംസ്‌കാരമായിരുന്നു ഇതും.

മൃതദേഹം കാര്‍ഗോ വിമാനത്തില്‍ കൊണ്ടുപോകാമോ?

ഓസ്‌ട്രേലിയയില്‍ മരിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ പല തവണ എസ് ബി എസ് മലയാളം ഇന്ത്യന്‍  ഹൈക്മ്മീഷനെയും കോണ്‍സുലേറ്റിനും ബന്ധപ്പെട്ടു.

എന്നാല്‍ ഹൈക്കമ്മീഷനും സിഡ്‌നി ഇന്ത്യന്‍ കോണ്‍സുലേറ്റും ഇതുവരെയും ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ല.

കാര്‍ഗോ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ കഴിയുമോ എന്ന് പലരും ശ്രമിക്കുന്ന സാഹചര്യത്തില്‍ അതിന്റെ സാധ്യതകളും എസ് ബി എസ് മലയാളം പരിശോധിച്ചു.

ഇത് സാധ്യമാണ് എന്നാണ് സിഡ്‌നിയിലെ സെഞ്ച്വറി കാര്‍ഗോ കമ്പനിയുടെ എക്‌സ്‌പോര്‍ട്ട് ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചത്.

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനം ഇത്തരത്തില്‍ മൃതദേഹം കൊണ്ടുപോകാന്‍ സൗകര്യം ഒരുക്കുന്നുണ്ട് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍, നിലവില്‍ സിഡ്‌നിയില്‍ നിന്ന് ക്വാലാലംപൂര്‍ വഴി മുംബൈയിലേക്ക് മാത്രമാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് ഈ സൗകര്യം നല്‍കുന്നത്.

മുംബൈയില്‍ നിന്ന് കേരളത്തിലേക്കോ മറ്റു ഭാഗങ്ങളിലേക്കോ ഈ സൗകര്യം നല്‍കുന്നില്ലെന്നും അത് ബന്ധുക്കള്‍ തന്നെ കണ്ടെത്തേണ്ടി വരുമെന്നും സെഞ്ച്വറി കാര്‍ഗോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫ്യൂണറല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ വഴിയാണ് കാര്‍ഗോ കമ്പനിയെ ഇതിനായി ബന്ധപ്പെടേണ്ടത്. മരണ സര്‍ട്ടിഫിക്കറ്റ്, മൃതദേഹം എംബാം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ്, കോണ്‍സുലേറ്റില്‍ നിന്നുള്ള അനുബന്ധ രേഖകള്‍ തുടങ്ങിയവയും വേണ്ടിവരുമെന്ന് അവര്‍ അറിയിച്ചു.

എന്നാല്‍ കൊറോണവൈറസ് ബാധിച്ചു മരിക്കുകയാണെങ്കില്‍ മൃതദേഹം കാര്‍ഗോ വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.


Share

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ഓസ്‌ട്രേലിയയില്‍ മരിച്ച മലയാളികളെ നാട്ടിലെത്തിക്കാനാകുന്നില്ല; മടക്കയാത്രയ്ക്ക് തടസ്സമായി കൊറോണനിയന്ത്രണം | SBS Malayalam