വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ന്യൂ സൗത്ത് വെയിൽസിലെ ബല്ലീനയിൽ നിരവധിപ്പേർക്കാണ് സുരക്ഷിതമായ താവളം തേടി പോകേണ്ടി വന്നത്.
സാം ജോണും രണ്ട് മക്കളുമടങ്ങുന്ന മലയാളി കുടുംബം ആദ്യം താമസിച്ചിരുന്ന വീടിന്റെ മുകളിലെ നിലയിലേക്ക് മാറിയെങ്കിലും വെള്ളം വീണ്ടും ഉയർന്നോടെ വീട് വിട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് മാറേണ്ടി വന്നു.

ബല്ലീനയിലെ പേമാരി ഇപ്പോഴും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വീട്ടിലേക്ക് ഇതുവരെ സാമിനും കുടുംബത്തിനും തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല.

ബ്രിസ്ബൈനിലെ ടാറിംഗയിലുള്ള ഡെൽവി പറമ്പന് നാലു മക്കളെയും കൊണ്ട് സുരക്ഷിത താവളത്തിലേക്ക് മാറേണ്ടിവന്നു. അരവെള്ളം പൊക്കത്തിൽ കുഞ്ഞുമക്കളെയും കൈയിലെടുത്തായിരുന്നു ഈ കുടുംബത്തിന് വീടുവിട്ടുപോകേണ്ടി വന്നത്.


കോഫ്സ് ഹാർബറിനടുത്തുള്ള ഗ്രാഫ്റ്റണിലുള്ള ജയകുമാറും കുടുംബവും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നുവെന്ന് എസ് ബി എസ് മലയാളത്തെ അറിയിച്ചു.
വീടിന് ചുറ്റുമുള്ള പ്രദേശത്തെ റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിന്നെങ്കിലും ഇപ്പോൾ ഭാഗികമായി റോഡുകൾ തുറന്നിരിക്കുന്നത് പ്രദേശത്തുള്ളവർക്ക് ആശ്വാസമായിട്ടുണ്ട്.

പ്രളയം അതിരൂക്ഷമായി ബാധിച്ച ലിസ്‌മോറിൽ പല കെട്ടിടങ്ങളുടെയും രണ്ടാം നിലയ്ക്ക് മുകളിൽ വരെ വെള്ളം കയറിയതായി പ്രദേശത്തുള്ള തോമസ് കുര്യൻ ചൂണ്ടിക്കാട്ടി. പ്രദേശത്ത്ശക്തമായ മഴ തുടരുന്നതിനാൽ ഇപ്പോഴും പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടെന്ന് അദ്ദേഹം എസ് ബി എസ് മലയാളത്തോട് പറഞ്ഞു.


ലിസ്‌മോറിൽ തോമസ് കുര്യൻ, ജിസ്‌വിൻ ജോസ്, ഷെറിൻ, മിഥുൻ സെബാസ്റ്റ്യൻ തുടങ്ങിയവർ അടങ്ങിയ സംഘം പ്രദേശം വൃത്തിയാക്കാനുള്ള ശ്രമങ്ങളിൽ സജീവമായിരിക്കുകയാണ്.


