2015 ജൂണ്‍ ഒന്നിനായിരുന്നു ക്വാലാലംപൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനസര്‍വീസുകള്‍ മലേഷ്യ എയര്‍ലൈന്‍സ് നിര്‍ത്തലാക്കിയത്.
എന്തുകൊണ്ടാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് എന്നതിന് വ്യക്തമായ കാരണം എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയിരുന്നില്ല. തിരക്കേറിയ റൂട്ടായിരുന്നിട്ടുപോലും കമ്പനി സര്‍വീസ് നിര്‍ത്തുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ നിന്നും, പ്രത്യേകിച്ചും ഓസ്‌ട്രേലിയയുടെ തെക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെയാണ് ഇത് പ്രധാനമായും ബാധിച്ചത്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവയും, ഗള്‍ഫ് രാജ്യങ്ങള്‍ വഴി പോകുന്ന എമിറേറ്റ്‌സ്, എത്തിഹാദ് തുടങ്ങിയ വിമാനസര്‍വീസുകളുമായിരുന്നു പിന്നീട് കേരളത്തിലേക്ക് പോകാനുള്ള ആശ്രയം.
എന്നാല്‍, യാത്രക്കാരില്‍ നിന്നുള്ള അഭ്യര്‍ത്ഥന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 31 മുതല്‍ ക്വാലാലംപൂര്‍-കൊച്ചി സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെന്ന് മലേഷ്യ എയര്‍ലൈന്‍സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യ മികച്ച വിപണിയായതിനാലാണ് സര്‍വീസ് പുനസ്ഥാപിക്കുന്നതെന്നും മലേഷ്യ എയര്‍ലൈന്‍സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ ഇസാം ഇസ്മായില്‍ പറഞ്ഞു.
യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാകും മലേഷ്യ എയർലൈൻസിന്റെ ഈ തീരുമാനമെന്ന് മെൽബണിൽ ബീയോണ്ട് വെക്കേഷൻസിൽ ട്രാവൽ ഏജന്റ് ആയ പ്രസാദ് ഫിലിപ്പ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മലേഷ്യ എയര്‍ലൈന്‍സ് കൂടി ഓസ്‌ട്രേലിയ-കൊച്ചി റൂട്ടില്‍ എത്തുന്നത് യാത്രാസമയത്തിലും ടിക്കറ്റ് നിരക്കിലും യാത്രക്കാര്‍ക്ക് ഗുണകരമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിഡ്‌നിയിലും മെൽബണിലുമുള്ളവർക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. മാർച്ചിലാണ് ആദ്യ സർവീസ് ആരംഭിക്കുന്നതെങ്കിലും ഇപ്പോള്‍ തന്നെ ബുക്കിംഗ് തുടങ്ങിയതായും പ്രസാദ് അറിയിച്ചു.
ക്വാലാലംപൂരില്‍ നിന്ന് എല്ലാദിവസവും രാത്രി പ്രാദേശിക സമയം 10:40ന് പുറപ്പടുന്ന സര്‍വീസ് അര്‍ദ്ധരാത്രി കഴിഞ്ഞ് 00:01ന് കൊച്ചിയിലെത്തും.
തിരിച്ച് കൊച്ചിയില്‍ നിന്ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 01:00ന് പുറപ്പെട്ട് പുലര്‍ച്ചെ 7:50നാണ് ക്വാലാലംപൂരില്‍ എത്തുക.
ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള കണക്ടിംഗ് സര്‍വീസുകളും ഇവിടെ നിന്ന് ലഭിക്കും.
മലേഷ്യ എയർലൈൻസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ മലയാളികൾ രംഗത്തെത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്ന കാര്യം അറിയിച്ചത്.