ചൊവ്വാഴ്ച ഉച്ചയോടെയാണ് സിഡ്നി നഗരത്തിൽ കത്തിയുമായി ഒരാൾ എത്തിയത്. കിംഗ് സ്ട്രീറ്റിനും ക്ലാരൻസ് സ്ട്രീറ്റിനും സമീപത്താണ് സംഭവം.
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇയാളെന്ന് ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സ്ത്രീയെ സമീപത്തെ കെട്ടിടത്തിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്.
കുത്തേറ്റ മറ്റൊരു സ്ത്രീയെ സമീപത്തെ ഹോട്ടലിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് NSW പോലീസ് കമ്മീഷണർ മിക്ക് ഫുള്ളർ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ ആളുകളെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ.
അക്രമി കത്തിയുമായി ഓടുന്നത് കണ്ടു നിന്നവരാണ് പിന്നാലെ ഓടി ഇയാളെ പിടികൂടിയത്. ഉച്ചക്ക് രണ്ട് മണിയോടെ വിൻയാർഡ് സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്.
21 വയസ്സുകാരനായ മരയോങ് സ്വദേശിയാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു ഡേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങൾ പൊലീസ് നിയന്ത്രണത്തിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും നിലവിൽ ഇതിന് ഭീകരവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്നും കമ്മീഷണർ അറിയിച്ചു.