മെൽബൺ, കാൻബറ, സിഡ്നി എന്നിവിടങ്ങളിലുള്ള എംബസ്സികളിലും കോൺസുലേറ്റുകളിലുമാണ് ബുധനാഴ്‌ച 38ഓളം അജ്ഞാത പാക്കറ്റുകൾ ലഭിച്ചത്. ഇതേതുടർന്ന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ച് പൊലിസും എമർജൻസി വിഭാഗവും പരിശോധന നടത്തിയിരുന്നു.
ഇന്ത്യൻ, ബ്രിട്ടീഷ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, പാക്കിസ്ഥാൻ, ന്യൂസിലാന്റ് തുടങ്ങിയ കോൺസുലേറ്റുകളിൽ ബുധനാഴ്ച ഉച്ചയോടെ തപാൽ മുഖേനയാണ് പാക്കറ്റുകൾ ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വിക്ടോറിയയിലെ ഷേപ്പാർട്ടനിലുള്ള 48കാരനെ ബുധനാഴ്ച് രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഷേപ്പാർട്ടനിലുള്ള വീട്ടിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടകരമായ സാധനങ്ങൾ തപാലിലൂടെ അയച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ഈ സാധനം എന്താണെന്ന് അറിവായിട്ടില്ല.
ഇയാളെ വ്യാഴാഴ്ച മെൽബൺ മജിസ്‌ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കും.
മെൽബണിലെ സെന്റ് കിൽഡ റോഡിലുള്ള ഇന്ത്യൻ കോൺസുലേറ്റിന്റെ പരിസരവും ബുധനാഴ്‌ച അഗ്നിശമനസേനയുടെ രണ്ട് വാഹനങ്ങളും, പാരാമെഡിക്‌സും, സ്ഫോടകവസ്തു പരിശോധനാ വിദഗ്ധരുടെ വാഹനവും പൊലീസ് കാറുകളും കൊണ്ട് നിറഞ്ഞിരുന്നു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയ ശേഷം തിരികെ കെട്ടിടത്തിൽ പ്രവേശിക്കാൻ വൈകുന്നേരത്തോടെ അനുവാദം നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് ജീവനക്കാരൻ എസ് ബി എസ് മലയാളത്തെ അറിയിച്ചിരുന്നു.