സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് റേഞ്ചസിൽ തിങ്കളാഴ്ചയാണ് ജസ്മീൻ കൗർ എന്ന യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
ഹിൻഡ്‌ലെ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ മാർച്ച് ആറാം തീയതി മുതൽ 21 കാരിയെ കാണ്മാനില്ലെന്ന് പരാതി ലഭിച്ചിരുന്നു.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണമടഞ്ഞ സ്ത്രീക്ക് പരിചിതനായ 20 കാരനെ സതേൺ ഡിസ്ട്രിക്ട് CIBയും ക്രൈം ഡിറ്റക്ടീവ്‌സും ചേർന്ന് ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ ഹോക്കറിലെ ഫ്ലിൻഡേഴ്‌സ് റേഞ്ചസിലുള്ള സ്ഥലത്തേക്ക് അന്വേഷണോദ്യോഗസ്ഥരെ കൊണ്ടുപോകുകയും ഒരു കുഴി ചൂണ്ടിക്കാട്ടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ഫോറൻസിക് റെസ്പോൺസ് സെക്ഷൻറെയും പാത്തോളജിസ്റ്റിന്റെയും സഹായത്തോടെ ഡിറ്റക്ടീവുകൾ നടത്തിയ പരിശോധനയിൽ മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതായും സൗത്ത് ഓസ്ട്രേലിയ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
സ്ത്രീയുടെ മരണത്തെക്കുറിച്ച് കൊറോണറിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കുറൾട്ട പാർക്കിലുള്ള 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.
എന്നാൽ പോർട്ട് അഗസ്റ്റ മജിസ്‌ട്രൈറ്റ്സ് കോടതിയിൽ ഹാജരാക്കിയ ഇയാൾ 21 കാരിയുടെ മരണത്തിലുള്ള പങ്ക് നിഷേധിച്ചു.
ഇയാൾ കോടതിയിൽ ജാമ്യാപേക്ഷ നൽകിയില്ല.
സംഭവത്തെക്കുറിച്ച് എന്തങ്കിലും വിവരം ലഭിക്കുന്നവർ 1800 333 000 ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.