ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്‌ലാന്റിലും ഒരാഴ്‌ചയോളമായി മോശമായ കാലാവസ്ഥ തുടരുകയാണ്. ശക്തമായ മഴയും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും മൂലം നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെയാണ് തെക്ക് കിഴക്കൻ ക്വീൻസ്‌ലാന്റിലെ സതേൺ ഡൗൺസിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരാൾ മരണമടഞ്ഞത്. കില്ലാർണി സ്വദേശിയായ 69 കാരനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കർഷകനായിരുന്ന ഇദ്ദേഹം കൊണ്ടമൈൻ നദിക്കരയിൽ കന്നുകാലികളെ നോക്കാനായി പോയപ്പോഴാണ് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്.
ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ കാർ ഒഴുക്കിൽ പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ എമർജൻസി സർവീസസ് നീണ്ട തിരച്ചിലിനൊടുവിലാണ് അർധരാത്രിയോടെ ഇദ്ദേഹത്തിന്റെ മൃതദേശം കാറിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
ക്വീൻസ്ലാൻറ് അതിർത്തി മുതൽ ലിസ്‌മോർ, ആൾബറി എന്നിവിടങ്ങളിൽ ബുധനാഴ്ച അതിശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. വടക്കൻ NSWലെ ലിസ്മോറിൽ മൂന്ന് മണിക്കൂറിൽ 120 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
വ്യാഴ്ചയും ശക്തമായ മഴ തുടരുന്നതിനാൽ മിക്കയിടങ്ങളിലും നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഹണ്ടർ, ഇലവാര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് NSW SES അസിസ്റ്റന്റ് കമ്മീഷണർ ഷോൺ കെൻസ് മുന്നറിയിപ്പ് നൽകി.
കഠിനമായ വേലിയേറ്റത്തെത്തുടർന്ന് ഗോൾഡ്‌കോസ്റ്റിലെ തീരങ്ങളിൽ മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീരങ്ങളിൽ വൃക്ഷക്കൊമ്പുകളും മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നതിനാൽ ഇവിടം വൃത്തിയാക്കുന്നതിന് ഭാഗമായി ഗോൾഡ് കോസ്റ്റിലെ ബീച്ചുകളെല്ലാം അടച്ചിരുന്നു.
ട്വീഡ് നദി കരകവിഞ്ഞതോടെ വടക്കൻ NSWലും പലയിടങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞു. പ്രദേശവാസികൾ ചേർന്ന് ഇവിടം വൃത്തിയാക്കി.
ബ്രിസ്‌ബൈനിലും വ്യാഴാഴ്ച ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഓസ്‌ട്രേലിയയിൽ ക്രിസ്ത്മസ് സമയത്ത് മോശമായ കാലാവസ്ഥ അനുഭവപ്പെടാനാണ് അനുഭവപ്പെടാൻ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. രാജ്യത്തിൻറെ പല ഭാഗങ്ങളിലായി മൂന്ന് ചുഴലിക്കാറ്റുകൾക്കുള്ള സാധ്യതയാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിന്റെ വടക്കൻ തീരങ്ങളിലും, തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലും കഴിഞ്ഞ ദിവസങ്ങളിൽ ‘വന്യമായ കാലാവസ്ഥ’ നാശം വിതച്ചിരുന്നു.
ന്യൂ സൗത്ത് വെയിൽസിലെ ബൈറൺ ബേയിലുള്ള മെയിൻ ബീച്ചിലേക്ക് തിരമാലകൾ ഇരച്ചുകയറിയതോടെ, തീരം കടലെടുത്തുപോയി. കടൽത്തീരത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിൽ ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്.