വിക്ടോറിയയിലെ മോർണിങ്ങ്ടൺ പെനിൻസുലയിലുള്ള കൃഷിയിടത്തിൽ നിരന്തരം വിളകൾ നശിപ്പിച്ചതിനാണ് കർഷകനായ ബ്രെൻഡൻ എഡ്‌വേഡ്സ് ഓസ്ട്രേലിയയിലെ തദ്ദേശീയ പക്ഷികളായ റെയിൻബോ ലോറീകീറ്റുകളെ വെടിവച്ചിട്ടത്.
ഇത് സംബന്ധിച്ച് പാരിസ്ഥിതിക വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ ബ്രെൻഡൻ 19 ലോറിക്കീറ്റ് പക്ഷികളെ വെടിവച്ച് കൊന്നശേഷം വാഹനത്തിന് പിന്നിൽ കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടെത്തിയത്.
സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെ കൊന്നൊടുക്കി, വന്യജീവികളെ കൊല്ലാൻ തോക്ക് ഉപയോഗിച്ചു, അധികൃതർക്ക് നേരെ അസഭ്യവർഷം നടത്തി തുടങ്ങിയ നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡ്രോമാന മജിസ്‌ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. 15,000 ഡോളറിന് മേൽ പിഴ ശിക്ഷ വിധിക്കുകയും ഇയാളുടെ തോക്കിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
ഓസ്‌ട്രേലിയയിൽ അനുവാദമില്ലാതെ വന്യജീവികളെ കൊല്ലുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ വിധിയെന്ന് പാരിസ്ഥിതിക വകുപ്പിലെ വൈൽഡ് ലൈഫ് ഓഫീസർ ഹേലി മെസൻ ചൂണ്ടിക്കാട്ടി.

Source: DELWP
1975ലെ വന്യജീവി നിയമപ്രകാരം അനുവാദമില്ലാതെ വന്യജീവികളെ കൊല്ലുന്നത് വിക്ടോറിയയിൽ നിയമവിരുദ്ധമാണ്.
ഈ നിയമം ലംഘിക്കുന്നവർക്ക് 8,059 ഡോളർ മുതൽ 38,685 ഡോളർ വരെ പിഴയും ആറ് മാസം മുതൽ 24 മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.
വന്യജീവികൾ മൂലം കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടാകുന്നവർ തെളിവ് സഹിതം ഡിപ്പാർട്മെന്റ് ഓഫ് എൻവയോൺമെന്റ്, ലാൻഡ്, വാട്ടർ ആൻഡ് പ്ലാനിംഗ് (DELWP) അധികൃതരെ ബന്ധപ്പെടണം എന്നതാണ് നിയമം.