ബ്രിസ്‌ബൈൻ നഗര മധ്യത്തിലെ മേരി സ്ട്രീറ്റിലുള്ള വെസ്റ്റിൻ ഹോട്ടലിന് സമീപത്താണ് സംഭവം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കത്തിയുമായെത്തിയ ആൾ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു. നഗരത്തിലൂടെ സഞ്ചരിച്ചവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സംഭവസ്ഥലത്തെത്തുകയും കത്തി ഉപേക്ഷിക്കാൻ ഇയാളോട് നിരവധി തവണ ആവശ്യപ്പെടുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇതിന് വിസമ്മതിച്ചതോടെ പൊലീസ് ഇയാൾക്ക് നേരെ വെടിയുതിർത്തു. സംഭവത്തിൽ അക്രമി കൊല്ലപ്പെട്ടു .
കുത്തേറ്റയാളെ പരിക്കുകളോടെ റോയൽ ബ്രിസ്‌ബൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ക്വീൻസ്ലാൻറ് ആംബുലൻസ് അറിയിച്ചു.
നഗരത്തിലെ മേരി സ്ട്രീറ്റും എഡ്‌വേഡ് സ്ട്രീറ്റും അടച്ചിട്ടിരിക്കുകയാണെന്നും നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ ഇവിടം ഒഴിവാക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.