ചൊവ്വാഴ്ച രാത്രി രണ്ടു പേർക്കു കൂടി ന്യൂ സൗത്ത് വെയിൽസിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15 ആയി ഉയർന്നു.
ഓസ്ട്രേലിയയ്ക്ക് പുറത്തേക്ക് അടുത്തകാലത്ത് യാത്ര ചെയ്തിട്ടില്ലാത്ത ഒരു സ്ത്രീയാണ് ഇതിലൊന്ന്. പ്രായം 50കളിലുള്ള ഈ സ്ത്രീക്ക് രാജ്യത്തിനുള്ളിൽ വച്ച് തന്നെയാണ് രോഗം പകർന്നിരിക്കുന്നത്.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നതാണ് ഈ സ്ത്രീ എന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ, ഓസ്ട്രേലിയയ്ക്കുള്ളിൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. റൈഡ് ആശുപത്രിയിലെ 53കാരനായ ഒരു ഡോക്ടർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഈ ഡോക്ടർ ഇപ്പോൾ വെസ്റ്റ്മീഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ ഡോക്ടറുമായി അടുത്ത് പ്രവർത്തിച്ച 13 ഡോക്ടർമാർക്കും, 23 നഴ്സുമാർക്കും മറ്റ് ആരോഗ്യമേഖലാ ജീവനക്കാർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
ഇവരെ വീടുകളിൽ ഐസൊലേഷനിൽ നിരീക്ഷിക്കുകയാണ്.
ഈ ഡോക്ടർ ചികിത്സിച്ച എട്ടു രോഗികളെയും നിരീക്ഷിക്കുന്നുണ്ട്. ഇവർക്ക് രോഗലക്ഷണങ്ങളില്ല. ഡോക്ടറുമായി ചെറിയ തോതിൽ സമ്പർക്കം പുലർത്തി 29 മറ്റു രോഗികളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
പ്രാദേശികമായി എങ്ങനെ രോഗം പടർന്നു തുടങ്ങി എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച ആരെയും ചികിത്സിച്ചിട്ടില്ലാത്ത ഒരു ഡോക്ടർക്കാണ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത്.
ഈ ഡോക്ടർക്ക് എങ്ങനെ രോഗബാധയുണ്ടായി എന്ന കാര്യം ഇതുവരെ അറിയില്ലെന്ന് NSW ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് പറഞ്ഞു.