വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 7.45ഓടെയാണ് അപകടമുണ്ടായത്.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിയിൽ നിന്ന് 190 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ AXB1344 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കരിപ്പൂരിൽ ലാന്റ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം, 35 അടി താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്.
വിമാനത്താവളത്തിന് പുറത്ത്, റോഡിലേക്കാണ് വിമാനം വീണത്. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു.
കനത്ത മഴ കാരണമാണ് അപകടമുണ്ടായതെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം സൂചിപ്പിച്ചു. ഇതേക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Source: Courtesy: Malayala Manorama
പൈലറ്റും, സഹപൈലറ്റും ഉൾപ്പെടെ 18 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഒന്നര വയസുള്ള ഒരു കുട്ടിയും ഇതിൽ ഉൾപ്പെടുന്നു.
പരുക്കേറ്റ 135 പേർ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ.
മരിച്ച നിരവധി പേരെ തിരിച്ചറിഞ്ഞിട്ടില്ല.
വിമാനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനുള്ള രക്ഷാ പ്രവർത്തം പൂർത്തിയായതായി കേരള മുഖ്യന്ത്രി പിണറായി വിജയൻ അറിയിച്ചു.
വിവരങ്ങൾ ആവശ്യമുള്ളവർക്കായി നിരവധി ഹെൽപ്ലൈൻ നമ്പരുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്താക്കി.
ദുബായിൽ ജോലി നഷ്ടമായ ശേഷം നാട്ടിലേക്കെത്താൻ കാത്തിരുന്ന നിരവധിപേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.