കൊറോണവൈറസ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു.
രാജ്യത്തെ നിരവധി പ്രമുഖ യൂണിവേഴ്സിറ്റികളാണ് ജോലികൾ വെട്ടിക്കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സ്വമേധയാ ജോലിയിൽ നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ട് യൂണിവേഴ്സിറ്റികൾ പലതും ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ അതിർത്തി അടച്ചിട്ടതുകാരണം രാജ്യാന്തര വിദ്യാർത്ഥികൾക്ക് എത്താൻ കഴിയാത്തതാണ് യൂണിവേഴ്സിറ്റികളെ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ഇതോടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി യൂണിവേഴ്സിറ്റികൾ പിരിച്ചുവിടൽ പ്രഖ്യാപിക്കുകയാണ്.
465 തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്ന ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപനമാണ് ഇതിൽ ഏറ്റവും അവസാനത്തേത്.
250 ജീവനക്കാർ ഇതിനകം തന്നെ വോളന്ററി റിഡൻഡൻസി എടുത്തുകഴിഞ്ഞു. ഇതിനു പിന്നാലെയാണ് 215 പേരെ കൂടി പിരിച്ചുവിടുമെന്ന് ANU പ്രഖ്യാപിച്ചത്.
യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിൽ നിന്ന് 256 പേരെ പിരിച്ചുവിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മെൽബണിലെ RMIT യൂണിവേഴ്സിറ്റിയും 250 സ്ഥിരം ജീവനക്കാരെ കൂടെ പിരിച്ചുവിടാൻ തീരുമാനിച്ചു. ഇതോടെ ഇവിടെ നിന്നുള്ള ആകെ തൊഴിൽ നഷ്ടം 1,200 ആയി.
സ്വമേധയാ പിരിഞ്ഞുപോകുന്നതിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സിഡ്നി യൂണിവേഴ്സിറ്റി അധികൃതരും രണ്ടാഴ്ച മുമ്പ് എല്ലാ വകുപ്പുകൾക്കും നോട്ടീസയച്ചിരുന്നു. പെർത്തിലെ കർട്ടിൻ യൂണിവേഴ്സിറ്റിയും സമാനമായ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് ബാധ തുടങ്ങിയ ശേഷം പല യൂണിവേഴ്സിറ്റികളിലും കാഷ്വൽ ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചിരുന്നു.
ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് 11,000ലേറെ ജീവനക്കാർക്ക് ജോലി നഷ്ടമായതായി ദേശീയ ടേർഷ്യറി എജ്യൂക്കേഷൻ യൂണിയൻ പ്രസിഡന്റ് ആലിസൻ ബാർൺസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഈ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ആലിസൻ ബാർൺസ് ചൂണ്ടിക്കാട്ടി.

Source: SBS/Abby Dinham
ഇത്രയും തൊഴിൽ നഷ്ടമാകുമ്പോഴും സർക്കാർ ഇടപെടുന്നില്ലെന്നും ആലിസൻ ബാർൺസ് കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റികളുടെ നഷ്ടം
ആകെ 14 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഓസ്ട്രേിലയൻ യൂണിവേഴ്സിറ്റികളിലുള്ളത്.
ഇതിൽ നാലേകാൽ ലക്ഷത്തോളം പേർ രാജ്യാന്തര വിദ്യാർത്ഥികളാണ്. സ്റ്റുഡന്റ് വിസയിൽ, ഉയർന്ന ഫീസ് നൽകി പഠിക്കാനെത്തുന്നവർ.
ചൈനയും ഇന്ത്യയുമാണ് ഈ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഒരു ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്ട്രേിലയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നത്.
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളുടെ വരുമാനത്തിന്റെ മൂന്നിൽ ഒന്നും ലഭിക്കുന്നത് ഈ രാജ്യാന്തര വിദ്യാർത്ഥികളുടെ ഫീസിലൂടെയാണ്.
എന്നാൽ, കൊറോണവൈറസ്ബാധ തുടങ്ങിയ ശേഷം രാജ്യാന്തര വിദ്യാർത്ഥികളുടെ വരവ് ഏകദേശം പൂർണമായി അവസാനിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.

Source: Getty Images/Klaus Vedfelt
കുറഞ്ഞത് 87,000 ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഇപ്പോഴും രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുയാണ് എന്നാണ് കണക്കുകൾ.
ഇതോടെ, മൂന്നു ബില്യൺ ഡോളറിന്റെയെങ്കിലും നഷ്ടം (300 കോടി ഡോളർ) ഈ വർഷം മാത്രം യൂണിവേഴ്സിറ്റികൾക്കുണ്ടാകും.
ഇത് 4.6 ബില്യൺ വരെയായി ഉയരാം എന്നും വിലയിരുത്തലുണ്ട്.
ഈ സാഹചര്യത്തിലാണ് വ്യാപകമായ പിരിച്ചുവിടൽ നടക്കുന്നത്.
രാജ്യാന്തര വിദ്യാർത്ഥികളെ പൈലറ്റ് അടിസ്ഥാനത്തിൽ കൊണ്ടുവരാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ല.
2021ന് മുമ്പ് യൂണിവേഴ്സിറ്റികളിലേക്ക് സജീമായി രാജ്യാന്തര വിദ്യാർത്ഥികൾ എത്താൻ സാധ്യതയില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാന്റിന്റെ ചാൻസലറും, മുൻ വിദേശകാര്യ സെക്രട്ടറിയുമായ പീറ്റർ വർഗീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Mr Peter Varghese Source: Supplied
അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് ജോബ് കീപ്പർ
തൊഴിൽരംഗത്തെ സഹായിക്കാനായി ഫെഡറൽ സർക്കാർ ജോബ് കീപ്പർ പദ്ധതി പ്രഖ്യാപിച്ചപ്പോൾ, ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതാണ് തൊഴിൽസാഹചര്യം ഇത്രയും രൂക്ഷമാകാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.
എന്നാൽ ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സിഡ്നി ക്യാംപസിനും, നാല് സ്വകാര്യ യൂണിവേഴ്സിറ്റികൾക്കും ജോബ്കീപ്പർ ആനുകൂല്യം ലഭിക്കുന്നതായാണ് വെളിപ്പെടുത്തൽ.
വർഷം 16.5 ബില്യൺ വീതം ഡോളർ വരുമാനമുള്ള ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ (NYU) സിഡ്നി ക്യാംപസിനാണ് ജോബ് കീപ്പർ ആനുകൂല്യം ലഭിക്കുന്നത്.
ഇതോടൊപ്പം, നോട്ട്ര ഡേം യൂണിവേഴ്സിറ്റി, ബോണ്ട് യൂണിവേഴ്സിറ്റി, ടോറൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഡിവിനിറ്റി എന്നീ സ്വകാര്യ സ്ഥാപനങ്ങൾക്കും ജോബ്കീപ്പർ ലഭിക്കാനായി ഇളവുകൾ അനുവദിച്ചിരുന്നു.
സർക്കാരിന്റെ കാപട്യമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് പ്രതിപക്ഷ വിദ്യാഭ്യാസ വക്താവ് ടാനിയ പ്ലിബർസെക് കുറ്റപ്പെടുത്തി.