SKIP TO MAIN CONTENT

മതംമാറി രഹസ്യപ്പൊലീസ്: ഭീകരാക്രമണത്തിന് ശ്രമിച്ചയാൾക്ക് 17 വർഷം തടവ്

ഭീകരാക്രമണം നടത്താൻ ശ്രമിച്ച കുറ്റത്തിന് ബ്രിസ്ബൈൻ സ്വദേശി അജിം ക്രുയേസി എന്നയാളെ കോടതി 17 വർഷത്തെ തടവുശിക്ഷക്ക് വിധിച്ചു. മതംമാറ്റത്തിലൂടെ അജിം ക്രുയേസിയുടെ ഉറ്റസുഹൃത്തായി മാറിയ രഹസ്യപ്പൊലീസുദ്യോഗസ്ഥനാണ് ഇയാളെ കുടുക്കിയതും ആക്രമണപദ്ധതി തകർത്തതും.

Kruezi
Source: Supplied

2 min read

Published

Updated


Skip to article content

ഓസ്ട്രേലിയയിൽ ഭീകരാക്രമണം നടത്താൻ ശ്രമിച്ച കുറ്റത്തിന് അജിം ക്രുയേസി എന്ന 25കാരനെ  2014 സെപ്റ്റംബറിലായിരുന്നു ബ്രിസ്ബൈനിലെ ലോഗനിൽ നിന്ന് അറസ്റ്റ് ചെയ്തത്. 

ഭീകരാക്രമണത്തിന് ശ്രമിച്ച കാര്യം ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു.

പൊതുസ്ഥലത്ത് വച്ച് നിരപരാധികളെ കൊല്ലാനും, പിന്നീട് രക്തസാക്ഷിയാകാനുമായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഭീകരാക്രമണം നടത്തി രക്തസാക്ഷിയാകുന്നവർ സ്വർഗ്ഗത്തിൽ പോകുമെന്ന് വിശ്വസിച്ചുകൊണ്ടായിരുന്നു ഈ ആക്രമണപദ്ധതിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 

അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ കൈയിൽ നിന്ന് തോക്കും, ഐ എസ് പതാകയും, ജിഹാദ് എന്ന പുസ്തകത്തിന്റെ പകർപ്പും കണ്ടെടുത്തിരുന്നു. 

ക്രുയേസി ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്നുവെന്നും, അതിൽ പശ്ചാത്താപം കാണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാളെ 17 വർഷത്തേക്ക് ശിക്ഷിച്ചത്. 13 വർഷത്തിനു ശേഷം പരോളിന് അർഹതയുണ്ടാകുമെങ്കിലും, സർക്കാരിന് വേണമെങ്കിൽ  വീണ്ടും ജയിലിൽ പാർപ്പിക്കാൻ കഴിയും.

ഇസ്ലാം മതം സ്വീകരിച്ച് പൊലീസുകാരൻ

2014 സെപ്റ്റംബറിൽ തന്റെ ഉറ്റ സുഹൃത്തിനെ കാണാൻ കാത്തുനിൽക്കുമ്പോഴായിരുന്നു അജിം ക്രുയേസിയെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. 

ക്രുയേസിയെ കുടുക്കിയ രഹസ്യപ്പൊലീസുകാരനായിരുന്നു ആ ഉറ്റ സുഹൃത്ത്. 

അടുത്ത സൗഹൃദം സ്ഥാപിച്ച് ക്രുയേസിക്കൊപ്പം ചേർന്ന ശേഷം, മാസങ്ങളോളം അയാളുടെ നീക്കങ്ങൾ ചോർത്തിയെടുക്കുകയായിരുന്നു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ. പേരുവെളിപ്പെടുത്താനാകാത്തതിനാൽ UCO317656 എന്നാണ് ഈ ഫെഡറൽ പൊലീസുദ്യോഗസ്ഥനെ കോടതി രേഖകളിൽ വിശേഷിപ്പിക്കുന്നത്.

മുമ്പ് സിറിയയിലേക്ക് പോകാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്ന ക്രുയേസിയെ അന്നു മുതൽ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2014 ജൂണിൽ തെക്കൻ ബ്രിസ്ബൈനിലെ അണ്ടർവുഡിലുള്ള iQraa ഇസ്ലാമിക് സെന്ററിൽ വച്ചാണ് ഈ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ക്രുയേസിയെ പരിചയപ്പെടുന്നത്. 

ഇയാളുടെ സൗഹൃദം നേടിയെടുത്ത UCO317656, വളരെ പെട്ടെന്ന് ഇവരുടെ സൗഹൃദസംഘങ്ങളിലും പങ്കാളിയായി. 

ക്രുയേസിയുമായി കൂടുതൽ അടുപ്പമുണ്ടാകുന്നതിനായി മതം മാറാനും UCO317656 തയ്യാറായി. ക്രുയേസിയുടെ നേതൃത്വത്തിൽ നടന്ന മതപരിവർത്തന ചടങ്ങിലാണ് പൊലീസുദ്യോഗസ്ഥൻ ഇസ്ലാം മതം സ്വീകരിച്ചത്. 

ഇതോടെ ക്രുയേസിയുടെ 'ആത്മാർത്ഥ' സുഹൃത്തുമായി മാറി ഈ ഉദ്യോഗസ്ഥൻ. 

തുടർന്ന് മൂന്നു മാസത്തോളം മതംമാറിയെത്തിയ ഈ സുഹൃത്തിനോട് എല്ലാ രഹസ്യങ്ങളും ക്രുയേസി പങ്കുവച്ചു. സിറിയയിൽ പോയി ഐ എസിനൊപ്പം ചേർന്ന് പോരാടണം എന്നായിരുന്നു സുഹൃത്തിനോട് ക്രുയേസി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇതെല്ലാം UCO317656 രഹസ്യമായി റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.

"അള്ളാഹു ഇത്രയധികം കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ നീ ഒരു ഭീരുവിനെ പോലെ പേടിച്ചോടുകയാണോ?"

മറ്റുള്ളവരെ സഹായിക്കുന്നതും ദാനം ചെയ്യുന്നതുമൊന്നും ദൈവത്തിനു വേണ്ടി പോരാടുന്നതിന് പകരമാകില്ല എന്നാണ് ക്രുയേസി സുഹൃത്തിനോട് പറഞ്ഞത്.  റെക്കോർഡ് ചെയ്ത ഈ സംഭാഷണങ്ങൾ വിചാരണസമയത്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

സിഡ്നിയിലെത്തി തോക്കു വാങ്ങുകയും, പാർലമെന്റിൽ ആക്രമണം നടത്താനായി പദ്ധതി തയ്യാറാക്കുന്ന കാര്യം അടുത്ത സുഹൃത്തുക്കളോട് വിവരിക്കുകയും ചെയ്തതോടെയാണ് UCO317656ന്റെ സഹായത്തോടെ പൊലീസ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. iQraa ഇസ്ലാമിക് സെന്റർ റെയ്ഡ് ചെയ്ത പൊലീസ് ക്രുയേസിയെ അറസ്റ്റ് ചെയ്തു. 

ഇക്കാര്യങ്ങളെല്ലാം വിചാരണക്കിടെ കോടതിയിൽ വിവരിച്ചിരുന്നു. അത് കണക്കിലെടുത്താണ് കോടതി ക്രുയേസിക്ക് ജയിൽ ശിക്ഷ വിധിച്ചത്. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now