Highlights
- മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് രോഗം സ്ഥിരീകരിച്ചയാളിൽ നിന്ന് രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് കരുതുന്നില്ല.
- ചാഡ്സ്റ്റൺ ഷോപ്പിംഗ് സെന്റർ രോഗം പിടിപെടാൻ സാധ്യതയുള്ള പട്ടികയിൽ ആരോഗ്യ വകുപ്പ് ഉൾപ്പെടുത്തി
- വിക്ടോറിയയിൽ രോഗബാധയുള്ളവരുടെ എണ്ണം 41 ആയി ഉയർന്നു
ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരം കാണാനെത്തിയ ഒരാൾക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വിക്ടോറിയൻ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
കൊവിഡ് രോഗം പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്നാണ് MCG യെന്നാണ് അധികൃതരുടെ ജാഗ്രതാ നിർദ്ദേശം.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഈ വ്യക്തിയുടെ സമീപത്ത് ഇരിന്നിരുന്നവരെ ബന്ധപ്പെടാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു.
ഡിസംബർ 27ന് സോൺ അഞ്ചിൽ ഇരുന്നവർ പരിശോധനക്ക് വിധേയരാകാൻ വിക്ടോറിയയുടെ ഡെപ്യുട്ടി ചീഫ് ഹെൽത് ഓഫീസർ അലൻ ചെങ് ആവശ്യപ്പെട്ടു.
സോൺ അഞ്ചിലെ ബബിളിൽ ഇരുന്നവർക്ക് ഏതാനും മണിക്കൂറുകൾക്കുളിൽ ടെക്സ്റ്റ് മെസ്സേജ് ലഭിക്കുമെന്ന് അലൻ പറഞ്ഞു.
'രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനക്ക് വിധേയരാവുക' എന്ന സന്ദേശമായിരിക്കും ടെക്സ്റ്റ് മെസ്സേജിലെന്ന് അദ്ദേഹം പറഞ്ഞു
ഡിസംബർ 27 ആം തീയതി ഉച്ചക്കഴിഞ്ഞ് 12.30നും 3.00 മണിക്കും ഇടയിലാണ് രോഗം സ്ഥിരീകരിച്ചയാൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നതെന്ന് വിക്ടോറിയയുടെ ആക്ടിങ് പ്രീമിയർ ജസീന്ത അലൻ പറഞ്ഞു. ഗ്രേറ്റ് സതേൺ സ്റ്റാൻഡിലെ സോൺ അഞ്ചിലാണ് ഈ വ്യക്തി ഉണ്ടായിരുന്നത്.
ഡിസംബർ 30 ന് രോഗബാധ സ്ഥിരീകരിച്ച വ്യക്തിക്ക് MCG യിൽ നിന്നാണ് രോഗം പിടികൂടിയതെന്ന് അധികൃതർ കരുതുന്നു.
ഈ രോഗബാധയെ ഉറവിടം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത പട്ടികയിലാണ് അധികൃതർ ഉൾപ്പെടുത്തിയിരിക്കുന്നത്.
രോഗബാധ സ്ഥിരീകരിച്ചയാൾ ഡിസംബർ 26 ന് ചാഡ്സ്റ്റൺ ഷോപ്പിംഗ് സെന്ററും സന്ദർശിച്ചിരുന്നതായി അധികൃതർ പറഞ്ഞു. ബോക്സിംഗ് ഡേയോടനുബന്ധിച്ച് രാവിലെ ആറ് മണിക്കും ഉച്ചകഴിഞ്ഞ് രണ്ട് മണിക്കുമിടക്കാണ് വ്യക്തി ഷോപ്പിംഗ് സെന്ററിൽ ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ, MCG സന്ദർശിക്കുന്നതിന് മുൻപ് ഈ വ്യക്തിക്ക് രോഗബാധയുണ്ടായിരുന്നതായി സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പിന്റെ പരിശോധനാ വിഭാഗം മേധാവി ജെറോൺ വെയ്‌മെർ പറഞ്ഞു.
ഗ്രേറ്റ് സതേൺ സ്റ്റാൻഡിലെ സോൺ അഞ്ചിൽ നിന്ന് ആയിരിക്കാം ഈ വ്യക്തിക്ക് രോഗം പിടികൂടിയതെന്ന് കണക്കാക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് ഉറപ്പിച്ച് പറയാൻ ഇപ്പോൾ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
MCG യിൽ കാളികാണാനെത്തിയ വ്യക്തിക്ക് പുറമെ ഹോട്ടൽ ക്വാറന്റൈനിലുള്ള രണ്ട് പേരിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ടോറിയയിൽ രോഗ ബാധയുള്ളവരുടെ എണ്ണം ഇതോടെ 41 ആയി ഉയർന്നു.