ഓസ്ട്രേലിയയിലെ മെഡികെയർ ആനുകൂല്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.
900ലേറെ ചികിത്സാ/പരിശോധനാ രീതികൾക്കും, ആരോഗ്യ സേവനങ്ങൾക്കുമുള്ള മെഡികെയർ റിബേറ്റിൽ മാറ്റമുണ്ടാകും.
ജൂലൈ ഒന്നു മുതലാകും മെഡികെയർ ബെനഫിറ്റ്സ് സ്കീമിലെ (MBS) ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
പല ചികിത്സാ രീതികൾക്കുമുള്ള സർക്കാർ ആനുകൂല്യം വർദ്ധിക്കുമ്പോൾ, മറ്റ് പലതിനുമുള്ളത് കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിട്ടുണ്ട്.
ജനറൽ സർജറി, ഓർത്തോപീഡിക് സർജറി, ഹൃദ്രോഗസംബന്ധമായ സേവനങ്ങൾ എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ഡോക്ടർമാരും, ക്ലിനിക്കൽ വിദഗ്ധരും, അക്കാഡമിക് വിദഗ്ധരും ഉൾപ്പെട്ട ഒരു MBS കർമ്മസമിതി 2015 മുതൽ നടത്തിയ വിലയിരുത്തലിനൊടുവിലാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
മെഡികെയർ ആനുകൂല്യം നൽകിയിരുന്ന പല ചികിത്സാ/പരിശോധനാ രീതികളും ഇപ്പോൾ നിലവിലില്ലെന്നോ, അല്ലെങ്കിൽ സുരക്ഷിതമല്ലെന്നോ ഈ കർമ്മസമിതി കണ്ടെത്തിയിരുന്നു.

Medicare Source: AAP Image/Dave Hunt
പുതിയ പല ചികിത്സാ/പരിശോധനാ രീതികളെയും മെഡികെയർ ആനുകൂല്യത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന സമിതിയുടെ ശുപാർശയും നടപ്പാക്കിയിട്ടുണ്ട്.
ഇതോടെ, ഓർത്തോപീഡിക്സ് സർജറി, പ്ലാസ്റ്റിക് സർജറി, ഗൈനക്കോളജി, ജനറൽ സർജറി എന്നിവയിലെ പല രീതികൾക്കും ആനുകൂല്യം കൂടുമെന്നും, രോഗികളുടെ കൈയിൽ നിന്നുള്ള ചെലവ് കുറയുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
കാലത്തിന് അനുയോജ്യമായ മാറ്റമാണ് മെഡികെയർ ആനുകൂല്യങ്ങളിൽ കൊണ്ടുവന്നിരിക്കുന്നതെന്നും, ഭൂരിഭാഗം ഓസ്ട്രേലിയക്കാർക്കും ഗുണകരമാകും ഇതെന്നും ഗ്രട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ ഡോ. സ്റ്റീഫൻ ഡക്കറ്റ് പറഞ്ഞു.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
ആശങ്ക ബാക്കിയെന്ന് AMA
എന്നാൽ, ഈ മാറ്റങ്ങൾ തിരക്കിട്ട് നടപ്പാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.
മാറ്റങ്ങൾ നടപ്പിൽവരാൻ ഒരു മാസത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂവെങ്കിലും, ഡോക്ടർമാർക്ക് ഇതുവരെയും വ്യക്തമായ അറിയിപ്പുകൾ കിട്ടിയിട്ടില്ലെന്ന് AMA പ്രസിഡന്റ് ഡോ. ഒമർ ഖോർഷിദ് പറഞ്ഞു.
സ്വകാര്യ മേഖലയിലെ ഡോക്ടർമാരും, ഇൻഷ്വറൻസ് കമ്പനികളും, രോഗികളും ഈ മാറ്റങ്ങൾ നടപ്പാക്കാൻ ജൂലൈ ഒന്നിന് മുമ്പ് സജ്ജരായിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു മാസമെങ്കിലും കഴിഞ്ഞു മാത്രമേ മാറ്റങ്ങൾ നടപ്പാക്കാവൂ എന്നാണ് AMA ആവശ്യപ്പെടുന്നത്.

Australian Medical Association (AMA) President Omar Khorshid. Source: AAP
2018ൽ MBSൽ മാറ്റങ്ങൾ വരുത്തിയപ്പോൾ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ
“നിരവധി രോഗികൾക്ക് പോക്കറ്റിൽ നിന്ന് കൂടുതൽ പണം നൽകേണ്ടിവന്നു. ഗ്യാപ് ഫീസിനെക്കുറിച്ച് വ്യക്തമായ വിവരം നൽകാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. നിരവധി ശസ്ത്രക്രിയകളാണ് വൈകിയത്.” - അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാനമായ സാഹചര്യം ഇപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഏതൊക്കെ ചികിത്സകൾക്കാണ് കൂടുതൽ ചെലവുണ്ടാകുക എന്ന കാര്യം വ്യക്തമായി മനസിലാക്കാൻ രോഗികൾക്ക് അവസരം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.