ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തോറ്റതോടെ പതിനായിരക്കണക്കിന് ഇന്ത്യൻ ആരാധകർ നിരാശരായാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്.
ഒരാളൊഴികെ.
ഇക്കഴിഞ്ഞ ഞായറാഴ്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വിജയം കൊയ്ത് സന്തോഷിച്ച ഒരേയൊരു നീലജഴ്സിക്കാരനേയുണ്ടായിരുന്നുള്ളൂ. ബംഗളുരു സ്വദേശി ദീപൻ മണ്ഡാലിയ.
ഒരു ഓസ്ട്രേലിയൻ ഹൃദയം നേടിയെടുത്തതിന്റെ സന്തോഷം.
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ഓസ്ട്രേലിയക്കാരിയായ റോസ് വിംബുഷിനോട് SCG ഗാലറിയിൽ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു ദീപൻ.

A man proposes to his partner in the crowd during the second ODI cricket match between Australia and India at the SCG in Sydney Source: AAP Image/Dan Himbrechts
ഗാലറിയിൽ നിറഞ്ഞ കാൽ ലക്ഷം കാണികളെയും, മൂന്നു ഡസനോളം തത്സമയ ക്യാമറകളെയും, ലോകമെങ്ങുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരെയും സാക്ഷി നിർത്തിയൊരു പ്രൊപ്പോസൽ.
കമൻററി ബോക്സിൽ നിന്ന് ഷെയ്ൻ വോണും ആഡം ഗിൽക്രിസ്റ്റുമെല്ലാം പറയുന്നുണ്ടായിരുന്നു – “സമ്മതിക്കൂ പെൺകുട്ടീ.. യെസ് പറയൂ” എന്ന്.
കളിയൽപ്പം നിർത്തിവച്ച് കളിക്കാരും ഗാലറിയിലേക്ക് തിരിഞ്ഞു. ഇന്തോ-ഓസ്ട്രേലിയൻ പ്രണയം ജീവിച്ചറിഞ്ഞ ഗ്ലെൻ മാക്സ്വെൽ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
ആദ്യം അമ്പരന്ന റോസ് വിംബുഷ്, പിന്നെ ദീപൻ നീട്ടിയ മോതിരം ഏറ്റുവാങ്ങി പ്രണയം സ്വീകരിച്ചു.
വഴിതെറ്റിയെത്തിയ കത്തിലൂടെ...
ക്രിക്കറ്റിനെ പ്രണയിച്ച രണ്ടു പേർ, ജീവിതത്തിലെ പ്രണയത്തിന് രാജ്യാന്തര ബൗണ്ടറികളില്ല എന്ന് തിരിച്ചറിഞ്ഞ കഥയാണ് ദീപനും റോസും പറഞ്ഞത്.
മത്സരത്തിനു ശേഷം എസ് ബി എസ് ക്രിക്കറ്റ് കവറേജ് ടീമിനോട് ഇരുവരും സംസാരിച്ചു. അവരുടെ പ്രണയകഥ പറഞ്ഞു.
നാലു വർഷം മുമ്പ് ഓസ്ട്രേലിയയിലേക്കെത്തിയതാണ് ബംഗളുരു സ്വദേശിയായ ദീപൻ മണ്ഡാലിയ. ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുകയാണ് ദീപൻ.
ആദ്യ രണ്ടു വർഷം സിഡ്നിയിൽ ജീവിച്ച ദീപൻ, പിന്നീടാണ് മെൽബണിലേക്ക് മാറിയത്. ആ മാറ്റമാണ് പ്രണയത്തിന് തുടക്കമിട്ടത്.
“മെൽബണിൽ ഞാൻ ഒരു വാടകവീടെടുത്തു. ആ വീട്ടിൽ മുമ്പ് വാടകയ്ക്ക് താമസിച്ചയാളായിരുന്നു റോസ്”, ദീപൻ പറഞ്ഞു.
“റോസിന്റെ പേരിൽ ആ വീട്ടിലേക്ക് കത്തുകൾ വരാറുണ്ടായിരുന്നു. ഇങ്ങനെ നിരവധി കത്തുകളായപ്പോഴാണ് ആളെ കണ്ടെത്താൻ തീരുമാനിച്ചത്.”
ഫേസ്ബുക്കിൽ റോസ് വിംബുഷിനെ കണ്ടെത്തിയ ദീപൻ കത്തുകൾ കൈമാറാനായി പോയി.
ആദ്യം ഒരുമിച്ച് കോഫി കുടിച്ചു. പിന്നെ അത്താഴം. പിന്നീട് കത്തുകൾക്കൊപ്പം ഹൃദയം കൈമാറി.
സിഡ്നി സ്വദേശിയായ റോസ്, ആരോഗ്യമേഖലയിലാണ് പ്രവർത്തിക്കുന്നത്.
“ആദ്യം കണ്ടപ്പോൾ മുതൽ ക്രിക്കറ്റിനെക്കുറിച്ചാണ് ഞങ്ങൾ ഏറ്റവുമധികം സംസാരിച്ചത്,” റോസ് പറയുന്നു.

After she said Yes. Source: Supplied by Dipen Mandaliya
“ഞങ്ങളെ ഒരുമിപ്പിച്ചത് ക്രിക്കറ്റാണ്.”
ദീപന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചെങ്കിലും ടീം മാറാൻ ഒരുക്കമല്ലെന്ന് റോസ് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്.
ക്യാമറകൾ സജ്ജമാക്കി SCG അധികൃതർ
കൊവിഡ് നിയന്ത്രണത്തിനു ശേഷം ഗാലറിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചപ്പോൾ മുതൽ ദീപന്റെ മനസിൽ ഈ പദ്ധതിയുണ്ട്.
എന്നാൽ റോസിൽ നിന്നും വീട്ടുകാരിൽ നിന്നുമെല്ലാം അത് മറച്ചുവച്ചു.
“എല്ലാവരെയും അമ്പരപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.”
എന്നാൽ SCG അധികൃതരോട് മാത്രം ഇത് പറഞ്ഞു. പൂർണ പിന്തുണയായിരുന്നു അധികൃതർ നൽകിയത്.
“രണ്ടാം ബാറ്റിംഗിലെ 20ാം ഓവറിനു ശേഷമാകണം വിവാഹാഭ്യർത്ഥന എന്നായിരുന്നു അവർ പറഞ്ഞത്. എല്ലാ ക്യാമറകളും ഞങ്ങളെ ഫോക്കസ് ചെയ്യുമെന്നും അവർ അറിയിച്ചു.”
പിച്ചിൽ സ്മിത്തും മാക്സ്വെല്ലുമെല്ലാം തകർത്താടുമ്പോഴും ദീപൻ അതൊന്നും കണ്ടതേയില്ല. എങ്ങനെയാകും ഈ നിമിഷം എന്ന ആശങ്കയായിരുന്നു.
പക്ഷേ ഇത്ര വൈറലാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
“ഇങ്ങനെ ഒരു പ്രൊപ്പോസൽ വരുമെന്ന് ഞാനും സ്വപ്നത്തിൽ പോലും കരുതിയില്ല.” റോസ് പറഞ്ഞു.
“മനോഹരമായിരുന്നു അത്. അതി സുന്ദരം. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.”
ഇനി വിവാഹത്തിനായി കാത്തിരിക്കുകയാണ് ഈ പ്രണയിതാക്കൾ.