കുഞ്ഞിന് അഡോൾഫ് ഹിറ്റ്ലറുടെ പേരിട്ടാൽ എന്തു സംഭവിക്കും?
മകന് ഹിറ്റ്ലറുടെ പേര് നല്കിയതുൾപ്പെടെയുള്ള തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തിയിരുന്ന ദമ്പതികൾക്ക് ബ്രിട്ടനിൽ ജയിൽ ശിക്ഷ വിധിച്ചു. നിരോധിക്കപ്പെട്ട നവനാസി സംഘടനയിലെ അംഗങ്ങളായ ദമ്പതികൾക്കാണ് ജയിൽശിക്ഷ.
ഈ വാർത്ത കേൾക്കുമ്പോൾ ഹിറ്റ്ലർ എന്ന പേരു നൽകിയ തമാശകളും അനുഭവങ്ങളും ഓർത്തെടുക്കുകയാണ് ഒരു ഓസ്ട്രേലിയൻ മലയാളി. മെൽബൺ സ്വദേശി ഹിറ്റ്ലർ ഡേവിഡ്.
മെൽബണിലെ ഹിറ്റ്ലർ അങ്കിൾ
മെൽബൺ മലയാളികൾക്കിടയിൽ ഹിറ്റ്‌ലർ അങ്കിൾ എന്നറിയപ്പെടുന്ന ഹിറ്റ്‌ലർ ഡേവിഡ് ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ്. മക്കളും കൊച്ചുമക്കളുമൊക്കെയായി മെൽബണിൽ കഴിയുന്ന ഹിറ്റ്‌ലർ അങ്കിൾ 76ാം വയസിലും പൊതുരംഗത്ത് സജീവമാണ്.
ഓസ്‌ട്രേലിയയിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ആദ്യ സെക്രട്ടറിയായിരുന്ന ഹിറ്റ്ലർ ഡേവിഡ് ഇപ്പോൾ സീനിയർ മലയാളി അസോസിയേഷൻ ഭാരവാഹിയുമാണ്.

Hitler David performing in Senior Malayai association Source: Facebook
പേര് വന്ന വഴി
അമ്മ ഫ്രാൻസീന ഡേവിഡ് 'സത്യനാഥൻ' എന്നായിരുന്നു കുട്ടിക്ക് പേരിടാൻ തീരുമാനിച്ചിരുന്നത്. മാമോദീസയ്ക്ക് ഈ പേരിട്ട് വിളിക്കുന്നതിനായി "സത്യനാഥൻ"എന്ന് ഒരു കുറിപ്പിലെഴുതി കുഞ്ഞിന്റെ അച്ഛനായ അപ്പലസ്സ് ഡേവിഡിനെ ഏൽപ്പിച്ചു.
എന്നാൽ ബ്രിട്ടീഷ് ആർമിയിൽ സൈനികനായിരുന്ന അപ്പലസിന് ആ പേര് അത്രയ്‌ക്ക് ഇഷ്ടമായില്ല. ഹിറ്റ്ലറുടെ യുദ്ധ തന്ത്രങ്ങൾ ഇഷ്ടപ്പെട്ടിരുന്ന അപ്പലസ്സിന് ഹിറ്റ്ലറിനോട് ആരാധനയായിരുന്നു. അങ്ങനെ മാമോദീസ ചടങ്ങിൽ അമ്മ വെച്ചിരുന്ന സത്യനാഥനെന്ന കുറിപ്പിന് പകരം ഹിറ്റ്ലർ എന്നെഴുതിയ കുറിപ്പാണ് വൈദികന് കിട്ടിയത്.
കുറിപ്പുനോക്കിയ വൈദികൻ ഈ പേര് വായിക്കണോ എന്ന് സംശയിച്ചപ്പോൾ "അച്ചൻ വിളിക്കച്ചോ" എന്ന് അപ്പലസ് ഉറക്കവിളിച്ചുപറഞ്ഞെന്നാണ് അമ്മ പറഞ്ഞ കഥകളിലൂടെ ഹിറ്റ്‌ലർ ഡേവിഡ് ഓർത്തെടുക്കുന്നത്.

Apoloss David and Forencia David Source: Supplied
ഹിറ്റ്‌ലറെന്ന പേരുവായിച്ചതിനു പിന്നാലെ പള്ളിയിൽ ആകെ കൂട്ടച്ചിരി മുഴങ്ങിയെന്നും, തലകറങ്ങി വീഴാതിരിക്കാൻ പള്ളിയിലെ ബഞ്ചിൽ പിടിച്ചു നിന്നെന്നും ഫ്രാൻസിന പിന്നീട് ഹിറ്റ്ലർ ഡേവിഡിനോട് പറഞ്ഞിട്ടുണ്ട്.
എന്നാൽ തന്റെ രണ്ടാമത്തെ കുട്ടിയ്‌ക്ക് ആഗ്രഹിച്ചത് പോലെതന്നെ സദാനന്ദനെന്ന് പേരിടാൻ ഫ്രാൻസീനയ്‌ക്ക് സാധിച്ചു.
പിന്തുണയുമായി അമ്മ
പേരുകൊണ്ടുള്ള പൊല്ലാപ്പുകൾ പേരിട്ടതിന്റെ പിറ്റേന്ന് തന്നെ തുടങ്ങിയെന്ന് ഹിറ്റ്‌ലർ ഡേവിഡ് പറയുന്നു.
ബ്രിട്ടീഷ് കോളനിയിലെ കുട്ടിയ്‌ക്ക് ജർമ്മൻ നേതാവിന്റെ പേരിട്ടത് അധികാരികൾക്കത്ര രസിച്ചില്ല. മാമോദീസ നടന്നതിന്റെ പിറ്റേന്ന് തന്നെ അക്കാലത്തെ അംശാധികാരി വീട്ടിലെത്തി കുട്ടിയുടെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ കുട്ടിയുടെ അച്ഛനിട്ട പേര് മാറ്റാനാവില്ലയെന്ന ഉറച്ച നിലപാടാണ് ഫ്രാൻസീന ഡേവിഡ് എടുത്തത്. പള്ളിയിൽ ആശിർവദിച്ച പേര് മാറ്റില്ലായെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ അംശാധികാരി പിൻവാങ്ങിയെന്നും ഹിറ്റ്‌ലർ ഡേവിഡ് പറയുന്നു.
ഓസ്ട്രേലിയൻ പൊല്ലാപ്പുകൾ
1960 കളിൽ ആദ്യകാല എൻ ടി ടി എഫ് (NTTF) ബാച്ചുകൾക്കൊപ്പം ഓസ്‌ട്രേലിയയിലെത്തിയപ്പോൾ മുതൽ പേരിനെച്ചുറ്റിപ്പറ്റി ധാരാളം തമാശകൾ ഉണ്ടായിട്ടുണ്ടെന്ന് ഹിറ്റ്‌ലർ ഡേവിഡ് പറയുന്നു.
ലൈസൻസ് എടുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ ഫോം പൂരിപ്പിച്ചു കൊടുത്തപ്പോൾ പേരിന്റെ കോളത്തിൽ ഹിറ്റ്ലറെന്ന് കണ്ട ഉദ്യോഗസ്ഥർ "Are you joking? " എന്നാണ് ചോദിച്ചതെന്ന് ഹിറ്റ്‌ലർ പറയുന്നു.

NTTF Batch 1962-1966(standing first in left) Source: Facebook
എന്നാൽ പേരുമായി ബന്ധപ്പെട്ട ഏറ്റവും രസകരമായ അനുഭവം പോലീസ് പിടിച്ചപ്പോഴായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.
ഒരിക്കൽ മെൽബണിൽ കൂടി കാറോടിക്കുമ്പോഴാണ് സംഭവം നടന്നത്. സ്പീഡൊരൽപ്പം കൂടിയതിന് പോലീസ് പിടിച്ചു. ലൈസൻസ് നോക്കിയ പോലീസുകാരൻ "Are you related to the other Hitler ?" എന്നാണ് ചോദിച്ചത്.

Hitler David and Family in their Melbourne residence- file Photo Source: Facebook
സാധാരണ ഹിറ്റ്‌ലർ ആണെന്ന് പറഞ്ഞപ്പോൾ സ്പീഡ് കുറയ്ക്കാൻ ഉപദേശിച്ചിട്ട് പോലീസുകാരൻ ഒരു സല്യൂട്ടും തന്നാണ് പറഞ്ഞുവിട്ടതെന്ന് ഹിറ്റ്ലർ ഡേവിഡ് പറയുന്നു.
ഹിറ്റ്ലർ തന്റെ ഇരട്ടപ്പേരാണെന്ന് ഇപ്പോഴും ആളുകൾ കരുതാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പേരിനെ സംശയിച്ച് അമേരിക്കൻ പോലീസ്
പേര് ശരിക്കും പുലിവാലായത് ആദ്യമായി അമേരിക്ക സന്ദർശിച്ചപ്പോളാണെന്ന് ഹിറ്റ്‌ലർ ഡേവിഡ് ഓർമ്മിച്ചു. പേര് കണ്ട് അസ്വഭാവികത തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ ആരംഭിച്ചു.
എന്തുകൊണ്ട് ഈ പേര് വന്നു, കുടുംബ പശ്ചാത്തലം എന്നിവയെല്ലാം ഉദ്യോഗസ്ഥർ അന്വേഷിച്ചു. ഒടുവിൽ പേര് ഹിറ്റ്‌ലറെന്നല്ല ഹൈറ്റലർ എന്നാണെന്ന് പറഞാണ് കൂടുതൽ കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഹിറ്റ്ലർ ഡേവിഡ്.

Hitler David with his grand daughters Source: Facebook
ഹിറ്റ്ലറെന്ന പേരിനോട് ഇഷ്ടം മാത്രം
അപൂർവ്വം ചില സംഭവങ്ങൾ ഒഴിവാക്കിയാൽ ഹിറ്റ്‌ലറെന്ന പേര് കൂടുതലും തമാശകളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഹിറ്റ്ലർ ഡേവിഡ് പറയുന്നു. അതുകൊണ്ടുതന്നെ തമാശകൾ കൂടുതൽ തരുന്ന പേരിനെ ഇഷ്ടപ്പെടുകയാണ് ഈ ഹിറ്റ്ലർ.
ഒരിക്കൽ മാത്രമേ പേര് മാറ്റുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുള്ളു. എന്നാൽ അംശാധികാരിയോട് അമ്മ പറഞ്ഞ അതെ വാക്കുകൾ പറഞ്ഞു ഭാര്യ ഫ്രീഡാ ഡേവിഡ് അതിൽ നിന്ന് പിന്തിരിപ്പിച്ചെന്നും ഹിറ്റ്‌ലർ പറയുന്നു.
ഒരിക്കൽ കേട്ടാൽ പിന്നെയാരും തന്റെ പേര് മറക്കാറില്ലായെന്നുള്ളത് നല്ലകാര്യമല്ലേയെന്നും ഹിറ്റ്‌ലർ ഡേവിഡെന്ന ഹിറ്റ്‌ലർ അങ്കിൾ ചോദിക്കുന്നു.

Malayali community recognising Hitler David by presenting his portrait on his 75th Birthday Source: Facebook