മെൽബണിലെ ഈസ്റ്റേൺ ഫ്രീവെയിൽ ബുധനാഴ്ച വൈകുന്നേരമാണ് ട്രക്ക് ഇടിച്ചു നാല് പൊലീസുകാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 47 കാരനായ ട്രക്ക് ഡ്രൈവർ മൊഹിന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ തിങ്കളാഴ്ച രാവിലെ മെൽബൺ മജിസ്‌ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കി.
നാല് പൊലീസുകാരുടെ മരണത്തിന് കാരണമാകുന്ന രീതിയിൽ കുറ്റകരമായ വിധത്തിൽ വാഹനമോടിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ആശുപത്രിയിൽ നിന്ന് വിട്ടയച്ച പ്രതിയെ ഞായറാഴ്‌ച രാത്രിയാണ് പൊലീസ് ചോദ്യം ചെയ്തത്. മേജർ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും, ഹോമിസൈഡ് സ്‌ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അപകടത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ട്രക്ക് പരിശോധിക്കുന്നതിനുമായി കോടതിയോട് അധിക സമയം അഭ്യര്ഥിച്ചിരിക്കുകയാണ് പ്രോസിക്യൂഷൻ. ഇയാളുടെ ക്രാൻബണിലെ വീട്ടിലും കഴിഞ്ഞയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു.
കോടതി റിമാൻഡ് ചെയ്ത മൊഹിന്ദറിനെ കേസിന്റെ തുടർ നടപടികൾക്കായി ഒക്ടോബറിൽ കോടതിയിൽ ഹാജരാക്കും. പ്രതി ജാമ്യാപേക്ഷ നൽകിയില്ല.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ പോർഷെ കാര് എമർജൻസി ലെയ്നിൽ തടഞ്ഞു നിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെയാണ് പാഞ്ഞു വന്ന ട്രക്ക് ഇവരെ ഇടിച്ചു വീഴ്ത്തിയത്.
സംഭവത്തിൽ ലീഡിങ് സീനിയർ കോൺസ്റ്റബിൾ Lynnette Taylor, സീനിയർ കോൺസ്റ്റബിൾ Kevin King, കോൺസ്റ്റബിൾമാരായ Glen Humphris, Josh Prestney എന്നിവർ അപകടസ്ഥലത്തു തന്നെ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിൽ ഡ്രൈവർക്ക് പുറമെ 41 കാരനായ പോർഷെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമിത വേഗത്തിൽ വാഹനം ഓടിച്ചു, മയക്ക് മരുന്ന് കൈവശം വച്ചു, അപകടത്തിൽപ്പെട്ടവരെ സഹായിച്ചില്ല തുടങ്ങി ഒമ്പത് കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇയാളും റിമാൻഡിലാണ്.