Highlights
- പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിനെ പിന്തുണയ്ക്കുന്നവർ കാപ്പിക്ക് ഒരു ഡോളർ അധികം നൽകണമെന്ന് കഫെ നിർദ്ദേശിച്ചു
- കഫെ ആക്രമിക്കുമെന്ന് നിരവധി ഭീഷണികൾ നേരിട്ടുവെന്ന് കഫെ ഉടമ
- പോലീസ് നിർദ്ദേശപ്രകാരം ബോർഡ് നീക്കം ചെയ്യാൻ ഉടമ തീരുമാനിച്ചു
മെൽബണിലെ മൂറാബിനിലുള്ള അക്രോബാർ എന്ന കഫേയാണ് പ്രീമിയറെ പിന്തുണയ്ക്കുന്നവരിൽ നിന്ന് കാപ്പിക്ക് അധിക ചാർജ് ആവശ്യപ്പെട്ടത്.
'നിങ്ങൾ ഡാനിനെ പിന്തുണയ്ക്കുന്നു? എങ്കിൽ നിങ്ങളുടെ ഓർഡറിന് ഒരു ഡോളർ അധികം നൽകുക' എന്ന നിർദ്ദേശമായിരുന്നു കഫെയിൽ വച്ചിരുന്നത്.
ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമാവുകയും കഫെ കല്ലെറിഞ്ഞു തകർക്കുമെന്ന് നിരവധി ഭീഷണികൾ നേരിടുകയും ചെയ്തതായി കഫെ ഉടമ ഫ്രാൻസ് മാഡ് ലിനർ പറഞ്ഞു. തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ബോർഡ് നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഉടമ.
മൂന്നാഴ്ചയായി ഈ ബോർഡ് ഇവിടെയുണ്ടായിരുന്നെന്നും, ഇതിനെ തമാശയായി കണ്ട 30 ഓളം പേർ ഒരു ഡോളർ അധികം നല്കുകയും ചെയ്തുവെന്നും ഫ്രാൻസ് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച് തുടങ്ങിയതോടെയാണ് കഫെ ആക്രമിക്കുമെന്ന ഭീഷണി നേരിട്ടതെന്നും ഇദ്ദേഹം സൂചിപ്പിച്ചു.
കഫെ കല്ലെറിഞ്ഞു തകർക്കുമെന്നും, കഴിഞ്ഞ ദിവസം പ്രീമിയറുടെ ഓഫീസ് ആക്രമിച്ചതിന് സമാനമായി കഫെയും ആക്രമിക്കുമെന്നുള്ള നിരവധി ഭീഷണികളായിരുന്നു 24 മണിക്കൂറിൽ നേരിട്ടതെന്ന് ഫ്രാൻസ് പറഞ്ഞു.
സംഭവം ഗൗരവമായതോടെ ഈ ബോർഡ് മറ്റുള്ളവരിൽ വിദ്വേഷം വളർത്തുമെന്നും അത് നീക്കം ചെയ്യണമെന്നും പോലീസ് ഇദ്ദേഹത്തോടെ ആവശ്യപ്പെട്ടു.
പോലീസ് നിർദ്ദേശം പാലിച്ചുകൊണ്ട് ബോർഡ് നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ.
കൂടാതെ പോലീസിന്റെ നിർദ്ദേശ പ്രകാരം കഫേയുടെ സുരക്ഷക്കായി സെക്യൂരിറ്റി ജീവനക്കാരെ വയ്ക്കുകയും ചെയ്തതായി കഫെ ഉടമ പറഞ്ഞു.
അതേസമയം ഈ ബോർഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല വച്ചതെന്നും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സർക്കാരിനെ പിന്തുയ്ക്കുന്നവർക്കെതിരെയുള്ള ഒരു ലഘുവായ പ്രതിഷേധം മാത്രമായിരുന്നു ഇതെന്നും കഫെ ഉടമ ചൂണ്ടിക്കാട്ടി.