ഈ മാസമാദ്യം മെൽബണിൽ നിന്ന് ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിലേക്കെത്തിയ ദമ്പതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്ത് കടുത്ത ആശങ്ക പടർത്തിയിരുന്നു.
ഇതോടെ വ്യാപകമായ പരിശോധനയാണ് ക്വീൻസ്ലാന്റിൽ നടത്തിയത്.
ഇവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നില്ലെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
മെൽബണിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷമായിരുന്നു ഇവർ അവിടെ നിന്ന് കാറിൽ യാത്ര തിരിച്ചത്.
കൊവിഡ് ബാധയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇവരെ, പൊലീസ് പിന്നീട് ചോദ്യം ചെയ്തു.
അതിനു പിന്നാലെയാണ് രണ്ടു പേർക്കും 4,003 ഡോളർ വീതം പിഴശിക്ഷ നൽകിയത്.
കൊവിഡ് 19മായി ബന്ധപ്പെട്ട അതിർത്തി നിയന്ത്രണങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളിൽ നിന്ന് പിഴയീടാക്കുന്നത്.
കള്ളം പറഞ്ഞാണ് ഇവർ അതിർത്തി പാസ് നേടിയതെന്ന് ക്വീൻസ്ലാന്റ് പൊലീസ് ആരോപിച്ചു.
മെൽബണിൽ നിന്ന് ക്വീൻസ്ലാന്റിലേക്ക് പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നെങ്കിലും, യാത്രയുടെ യഥാർത്ഥ വിവരങ്ങൾ ഈ ദമ്പതികൾ മറച്ചുവച്ചു എന്നാണ് പൊലീസിന്റെ ആരോപണം.
അതിനിടെ, സിഡ്നിയിൽ കൊവിഡ് ബാധ കൂടുന് സാഹചര്യത്തിൽ നഗരത്തിലെ ഒരു മേഖലയെ ക്വീൻസ്ലാന്റ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
വേവർലി മേഖലയെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ മുതൽ വേവർലി മേഖലയിൽ നിന്ന് ക്വീൻസ്ലാന്റിലേക്കെത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് വിധേയരാകണമെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ പറഞ്ഞു.