ഡെറിമറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാസ്റ്റ്ലൈൻ ലോജിസ്റ്റിക് പാപ്പരായി പ്രഖ്യാപിച്ചുകൊണ്ടാണ് അടച്ചു പൂട്ടുന്നത്. വ്യാഴാഴ്ച്ച ജോലിക്കെത്തിയ തൊഴിലാളികളോട് അടുത്ത ദിവസം മുതൽ ജോലിക്ക് വരേണ്ടതില്ലായെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ച്ചയിലെ ശമ്പളം തൊഴിലാളികൾക്ക് ലഭിക്കില്ലായെന്നും അധികൃതർ അറിയിച്ചതായി യൂണിയൻ നാഷണൽ സെക്രട്ടറി ജെന്നി കൃഷേൽ പറഞ്ഞു.
ജോലി നഷ്ടമാവുന്ന 120 തൊഴിലാളികളിൽ പലർക്കും ആനുവൽ ലീവ്, ലോങ്ങ് സർവീസ് ലീവ്, സൂപ്പർ ആനുവേഷൻ തുടങ്ങിയ അനൂകൂല്യങ്ങളും നഷ്ടമാവും. കമ്പനിയിലെ ഭൂരിഭാഗം തൊഴിലാളികളും കുടിയേറ്റക്കാരാണെന്നും ഇവർക്ക് പുതിയ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകൾ നേരിടുമെന്നും ജെന്നി കൃഷേൽ അറിയിച്ചു.
തൊഴിലാളികൾക്ക് സൂപ്പർ ആനുവേഷൻ നിഷേധിച്ച കുറ്റത്തിന് യൂണിയൻ കമ്പനിയ്‌ക്കെതിരെ ഈ വർഷമാദ്യം നടപടികൾ എടുത്തിരുന്നു. ഏകദേശം ആറ് ലക്ഷം ഡോളറിന്റെ ക്രമക്കേടുകൾ ഈ നടപടിയിൽ കണ്ടെടുക്കുകയുണ്ടായി.
ഫാസ്റ്റ് ലൈൻ കമ്പനിയുടെ വരുമാനത്തിന്റെ മുഖ്യപങ്കും ഗ്ലോബൽ ഫാഷൻ സർവീസ് എന്ന മറ്റൊരു സ്ഥാപനത്തിലേയ്ക്ക്അടുത്തകാലത്ത് മാറ്റിയിരുന്നു. ഇതു മനഃപ്പൂർവ്വം നടത്തിയ നീക്കമാവാമെന്ന് ജെന്നി കൃഷേൽ ആരോപിച്ചു.
വരുമാനം മറ്റൊരു കമ്പനിയിലേക്ക് മാറ്റിയിട്ട് തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാനാവില്ലായെന്നു കാണിച്ചു ഫാസ്റ്റ്ലൈൻ കമ്പനി പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു. യൂണിയൻ ഈ വിഷയത്തിൽ തുടർ അന്വേഷണം നടത്തുമെന്ന് ജെന്നി കൃഷേൽ അറിയിച്ചു.