പടിഞ്ഞാറൻ മെൽബണിലെ ഹൊപ്പേഴ്‌സ് ക്രോസ്സിങ്ങിൽ പ്രവർത്തിക്കുന്ന ഇൻഡി ഹോട്ട്സ് കേറ്ററിംഗ് എന്ന ഇന്ത്യൻ റെസ്റ്റോറന്റിനാണ് പിഴ.
വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചു, സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്തു തുടങ്ങി പതിനൊന്ന് കുറ്റങ്ങളാണ് റെസ്റ്റോറന്റ് ഉടമ ദിനേശ് ഗൗരിഷെട്ടിക്കെതിരെ ചുമത്തിയത്.
ഈ കുറ്റങ്ങളെല്ലാം ഇയാൾ സൺഷൈൻ മജിസ്‌ട്രേറ്റ്സ് കോടതിയിൽ സമ്മതിച്ചു.
റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
എലി കാഷ്ഠവും തുറന്നു വച്ച അവസ്ഥയിൽ അടുക്കളയുടെ തറയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവും പരിശോധനയിൽ കണ്ടെത്തി. കൂടാതെ അടുക്കളയിൽ എണ്ണയും ഗ്രീസും കട്ട പിടിച്ചിരിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ഉടമയ്‌ക്കെതിരെ കേസെടുത്തത്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
വിക്ടോറിയൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഉപരിസഭയിലേക്ക് മത്സരിച്ച ലിബറൽ പാർട്ടി സ്ഥാനാർത്ഥിയാണ് ഇൻഡി ഹോട്ട്സ് കേറ്ററിംഗ് ഉടമ ദിനേശ് ഗൗരിഷെട്ടി.
പതിനൊന്ന് കുറ്റങ്ങൾക്കുമായി 15,000 ഡോളറും കേസിന്റെ ചിലവുകൾക്കായി 10,000 ഡോളറുമാണ് ഗൗരിഷെട്ടിക്ക് കോടതി വിധിച്ചത്.
കൗൺസിൽ സ്ഥിരമായി റെസ്റ്റോറന്റുകളിൽ പരിശോധനകൾ നടത്താറുണ്ടെന്ന് വിന്ധം സിറ്റി കൗൺസിലർ കിം മാക് അലിനെ പറഞ്ഞു. ഇതുവഴി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷണശാലകളും ഭക്ഷ്യസുരക്ഷക്ക് മുൻഗണ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.