സിറ്റി ഓഫ് ഗ്രെറ്റർ ഡാംഡനോംഗ് കൗൺസിൽ സംഘടിപ്പിക്കുന്ന പബ്ലിക് ആർട് പ്രൊജക്റ്റിന്റെ ഭാഗമായാണ് ലിറ്റിൽ ഇന്ത്യ പ്രസിംക്ടിന്റെ കവാടത്തിലുള്ള തൂണുകളിലൊന്നിൽ യോഗേശ്വരിയുടെ മ്യൂറൽ പെയിന്റിംഗ്.
നിരവധി മലയാളികൾ പാർക്കുന്ന ഡാംഡനോംഗിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്നതിനാണ് തന്റെ പെയ്ന്റിങ്ങിൽ കഥകളി രൂപം ഉൾപ്പെടുത്തിയതെന്ന് യോഗേശ്വരി പറയുന്നു.

Source: Supplied
"സ്നേഹത്തിന്റെ പ്രതീകങ്ങളാണ് ശ്രീകൃഷ്ണനും രുക്മിണിയും."
കേരള സംസ്കാരവും കലയും ഒന്നിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ ചിത്രങ്ങൾ തെരഞ്ഞെടുത്തതെന്ന് യോഗേശ്വരി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ലിറ്റിൽ ഇന്ത്യ പ്രിസിംക്ടിനുവേണ്ടി ചിത്രങ്ങൾ ഒരുക്കുന്നതിനായി വിക്ടോറിയയിലെ കലാകാരന്മാരിൽ നിന്നും സിറ്റി കൗൺസിൽ എക്സ്പ്രഷൻ ഓഫ് ഇൻററസ്റ്റ് ക്ഷണിച്ചിരുന്നു.
ഇതേത്തുടർന്നാണ് ഈ അവസരം തന്നെ തേടിയെത്തിയതെന്ന് യോഗേശ്വരി പറയുന്നു. പെയിന്റിംഗിന്റെ ഡിസൈൻ, പ്രമേയം എന്നിവ കണക്കിലെടുത്താണ് കൗൺസിൽ അപേക്ഷ പരിഗണിച്ചത്.
കേരളത്തിന്റെ സംസ്കാരവും കലയും മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ഉദ്യമമെന്ന് യോഗേശ്വരി വ്യക്തമാക്കി .
വ്യത്യസ്തമാർന്ന നിറക്കൂട്ട് ആണ് ഈ പെയിന്റിംഗിൽ ഉപയോഗിച്ചിരിക്കുന്നത്. ഏറെ അകലെ നിന്ന് നോക്കിയാലും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള നിറക്കൂട്ടാണ് യോഗേശ്വരി ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിലെ കടന്നു വരുന്ന ആരും ഇത് ശ്രദ്ധിക്കാതെ പോവില്ലെന്ന് യോഗേശ്വരി ഉറപ്പു പറയുന്നു.
കേസി സിറ്റി കൗൺസിലിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന യോഗേശ്വരിയുടെ താത്പര്യം കേരള മ്യൂറൽ പെയ്ന്റിങിലാണ്. നിരവധി പ്രദർശനങ്ങളും മറ്റും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായി പൊതു വേദിയിൽ ഒരവസരം ലഭ്ച്ചതിന്റെ സന്തോഷത്തിലാണ് ഈ കലാകാരി.

Yogeswari painting Source: Supplied
മൂന്നാഴ്ചയായി ചെയ്തു വരുന്ന പെയിന്റിംഗ് ഇപ്പോൾ അവസാനഘട്ടത്തിലാണ്. അടുത്തയാഴ്ചയോടെ ഇത് പൂർത്തിയാക്കി കൗൺസിലിന് സമർപ്പിക്കാനാണ് യോഗേശ്വരിയുടെ തീരുമാനം.
കേരള സംസ്കാരവും കലയും ഓസ്‌ട്രേലിയൻ പൊതു സമൂഹത്തിന് മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന യോഗേശ്വരിയുടെ ഈ രചന അടുത്ത അഞ്ചു വർഷം ഇതേ തൂണിൽ പ്രദർശിപ്പിക്കും.

Mural painting by Yogeswari Biju on a pillar at the Little India Presinct in Dandenong Source: Supplied
"ഡാംഡനോംഗിലെ ലിറ്റിൽ ഇന്ത്യ പ്രസിംക്ടിലൂടെ സഞ്ചരിക്കുന്നവർ എന്റെ ചിത്രകല കാണുകയും പ്രോത്സാഹനം നൽകുകയും ചെയ്യണം," യോഗേശ്വരി അഭ്യത്ഥിക്കുന്നു.