വിക്ടോറിയയില്‍ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായപ്പോഴാണ് മെല്‍ബണിലേക്കുള്ള രാജ്യാന്തര വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര് അനുമതി നിഷേധിച്ചത്.
ഹോട്ടല്‍ ക്വാറന്റൈന്‍ സംവിധാനത്തിലുണ്ടായ പാളിച്ചകളെ തുടര്‍ന്നാണ് രണ്ടാം വ്യാപനം തുടങ്ങിയത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന പശ്ചാത്തലത്തിലായിരുന്നു അത്.
ഇപ്പോള്‍ രണ്ടാം വ്യാപനം നിയന്ത്രണവിധേയമാകുകയും, മെല്‍ബണിലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെ വീണ്ടും വിമാനങ്ങള്‍ അനുവദിക്കുമെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് സൂചിപ്പിച്ചു.
ഹൈലൈറ്റ്‌സ്
- നവംബര്‍ അവസാനത്തോടെ വിമാനങ്ങള്‍ അനുവദിച്ചേക്കും
- ഹോട്ടല്‍ ക്വാറന്റൈന്‍ സംവിധാനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കും
- വന്ദേഭാരത് വിമാനങ്ങളും വീണ്ടും മെല്‍ബണിലെത്തുമെന്ന് പ്രതീക്ഷ
വിദേശപൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ഇപ്പോഴും അനുവാദമില്ലെങ്കിലും, മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാര്‍ തിരിച്ചെത്തുന്നുണ്ട്.
വാണിജ്യ സര്‍വീസുകളും, ചാര്‍ട്ടേഡ് വിമാനങ്ങളും, അതോടൊപ്പം വന്ദേഭാരത് പോലുള്ള പ്രത്യേക മിഷന്റെ ഭാഗമായുള്ള വിമാനങ്ങളും ഓസ്‌ട്രേലിയയിലേക്ക് എത്തുന്നുണ്ട്.
എന്നാല്‍ മെല്‍ബണിലേക്ക് മാത്രം കഴിഞ്ഞ മാസങ്ങളില്‍ ഇത്തരം വിമാനസര്‍വീസുകളൊന്നും അനുവദിച്ചിരുന്നില്ല.
ഈ സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ അനുവദിച്ചു തുടങ്ങിയേക്കും എന്നാണ് പ്രീമിയര്‍ വ്യക്തമാക്കിയത്.
ഹോട്ടല്‍ ക്വാറന്റൈനിലെ പാളിച്ചകളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ അടുത്തയാഴ്ച ഇടക്കാല റിപ്പോര്ട്ട് സമര്‍പ്പിക്കുന്നുണ്ട്.
ഇതില്‍ ക്വാറന്റൈന്‍ സംവിധാനം മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകളുണ്ടാകും. അവ കൂടി നടപ്പിലാക്കിക്കൊണ്ടാകും വിദേശത്തു നിന്നുള്ള വിമാനങ്ങള്‍ അനുവദിക്കുന്നത്.
വിദേശത്തു കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കുന്നതില്‍ ഓരോ സംസ്ഥാനങ്ങളും ഫെഡറല്‍ സര്‍ക്കാരും പരിധി നിശ്ചയിച്ചിട്ടുണ്ട്.
പല തവണ ഈ പരിധി ഉയര്‍ത്തിയെങ്കിലും, മെല്‍ബണിലേക്ക് വിമാനങ്ങള്‍ എത്താത്തത് യാത്രകളെ സാരമായി ബാധിച്ചിരുന്നു.
ഏറ്റവുമധികം രാജ്യാന്തര യാത്രികര്‍ എത്തുന്ന ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളിലൊന്നാണ് മെല്‍ബണ്‍.
മെല്‍ബണിലേക്ക് കൂടി വിമാനങ്ങള്‍ എത്തുമ്പോള്‍ വിദേശത്തു കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് തിരിച്ചെത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ.

A flight lands at Melbourne Airport, Sunday, April 12, 2020 Source: AAP
വന്ദേഭാരത് വിമാനങ്ങളും ആദ്യഘട്ടത്തില്‍ സിഡ്‌നിയിലേക്കും മെല്‍ബണിലേക്കും സര്‍വീസ് നടത്തിയിരുന്നു. നിലവില്‍ സിഡ്‌നിയിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ എത്തുന്നത്.
ഇതിലും മാറ്റമുണ്ടാകും എന്നാണ് കരുതുന്നത്.