ഈ സമയത്ത് എടുക്കാവുന്ന ഏറ്റവും ഉചിതമായ തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മെൽബണിലെ എലിസബത്ത് സ്ട്രീറ്റിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്ന ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫക്ഷ്യസ് ഡിസീസിന് 550 മില്യൺ ഡോളറാണ് ചിലവ്.
ഇതിനായി വിക്ടോറിയൻ സർക്കാർ 155 മില്യൺ ഡോളർ ഫണ്ടിംഗ് അനുവദിക്കും. കൂടാതെ യൂണിവേഴ്സിറ്റി ഓഫ് മെൽബനും പങ്കാളികളും 150 മില്യൺ ഡോളർ മുതല്മുടക്കും. ഇതിന് പുറമെ പദ്ധതിക്കായി 250 മില്യൺ ഡോളർ കൂടി അനുവദിക്കുന്ന കാര്യം ഫെഡറൽ സർക്കാരിനോട് ചർച്ചചെയ്യുമെന്ന് പ്രീമിയർ അറിയിച്ചു.
ഇൻഡോ-പസിഫിക് പ്രദേശത്തെ തന്നെ ഏറ്റവും വലിയ ഇൻസ്റ്റിറ്റ്യൂട്ട് ആകും ഇതെന്ന് പ്രീമിയർ വ്യക്തമാക്കി.
2022ൽ നിർമാണം ആരംഭിക്കുന്ന പദ്ധതി 2025ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ 5,000 തൊഴിലവസരങ്ങൾ വരെ ഇതിലൂടെ ലഭിക്കാം. ഇൻസ്റ്റിറ്റ്യൂട്ടിൽ 850 തൊഴിലുകൾ ഉണ്ടാകും. നിർമാണം തുടങ്ങുമ്പോൾ 350 തൊഴിലുകൾ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിലൂടെ പകർച്ചവ്യാധികളെക്കുറിച്ച് കൂടുതൽ മനസിലാക്കാനും, ഭാവിൽ ഉണ്ടായേക്കാവുന്ന മഹാരികളെ പ്രതിരോധിക്കാനും, ദ്രുതഗതിയിൽ ചികിത്സ കണ്ടെത്താനും, സാധിക്കും. മാത്രമല്ല മേഖലയിൽ ആഗോളതലത്തിൽ തന്നെ മുൻപതിയിൽ നിന്ന് പ്രവർത്തിക്കാൻ വിക്ടോറിയയ്ക്ക് കഴിയുമെന്നും പ്രീമിയർ സൂചിപ്പിച്ചു.
പകർച്ചവ്യാധികൾ കണ്ടെത്തുക, വിലയിരുത്തുക, ഇവ കൈകാര്യം ചെയ്യുക, ചികിത്സിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ലഭ്യമാക്കുന്ന വിധത്തിലായിരിക്കും സംവിധാനത്തിന്റെ രൂപരേഖ.
കൂടാതെ വിവിധ മെഡിക്കൽ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സേവനവും ഇവിടെ ലഭ്യമാക്കാനാണ് സർക്കാരിന്റെ പദ്ധതി.