കേസീ സിറ്റി കൗണ്‍സിലിലെ അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച സ്വതന്ത്ര സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലായിരുന്നുവെന്നും, ഭരണസമിതിക്ക് തുടരാന്‍ അര്‍ഹതയില്ല എന്നുമായിരുന്നു ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
കൗണ്‍സിലിന്റെ കെട്ടിട നിര്‍മ്മാണ അനുമതികളില്‍ അഴിമതിയുണ്ടായി എന്ന ആരോപണത്തെക്കുറിച്ച് അഴിമതി വിരുദ്ധ കമ്മീഷന്‍ (IBAC) അന്വേഷണം നടത്തുന്നുമുണ്ട്.
പ്രോപ്പര്‍ട്ടി ഡെവലപ്പറായ ജോണ്‍ വുഡ്മാനുമായി ബന്ധപ്പെട്ടാണ് ഈ അന്വേഷണം നടക്കുന്നത്.
ഒട്ടേറെ മലയാളികള്‍ പാര്‍ക്കുന്ന ബെര്‍വിക്, ക്രാന്‍ബേണ്‍, ക്ലൈഡ്, നാരെവാറന്‍ തുടങ്ങിയ സബര്‍ബുകള്‍ ഉള്‍പ്പെടുന്ന കൗണ്‍സിലാണ് കേസീ.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൗണ്‍സില്‍ ഭരണസമിതിയെ പിരിച്ചുവിടാനാണ് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തത.് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ ബില്‍ നാളെ എതിരില്ലാതെ പാസാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് കൗണ്‍സില്‍ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിക്കും.
ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന വിക്ടോറിയന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും കേസീ കൗണ്‍സില്‍ ഉണ്ടാകില്ല. ഈ കൗണ്‍സിലിലേക്ക് മാത്രം തെരഞ്ഞെടുപ്പ് നടത്തില്ല എന്നാണ് സൂചന.
എന്നാല്‍ കൗണ്‍സില്‍ പിരിച്ചുവിടുന്ന കാലാവധി കുറയ്ക്കണം എന്നാണ് പ്രതിപക്ഷവും ഗ്രീന്‍സ് പാര്‍ട്ടിയും ആവശ്യപ്പെടുന്നത്. അഞ്ചു വര്‍ഷമെന്നത് ദൈര്‍ഘ്യമേറിയ കാലാവധിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ലമെന്റിലെ ചര്ച്ചയുടെ അടിസ്ഥാനത്തില്‍ ഇതില്‍ തീരുമാനമെടുക്കുമെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് വ്യക്തമാക്കി.