ന്യൂസിലാന്റ് ഭീകരാക്രമണത്തിന് ശേഷം ഹിജാബ് ധരിച്ച പ്രധാനമന്ത്രി ജസിന്ത ആർഡൻ ഇസ്‌ലാം മതവിശ്വാസിയായ സ്ത്രീയെ ആലിംഗനം ചെയ്യുന്ന ചിത്രം ഏറെ പ്രചാരം നേടിയിരുന്നു. ഈ ചിത്രമാണ് വടക്കൻ മെൽബണിലെ ബേൺസ്‌വിക്കിൽ ചുമർ ചിത്രമായി വരയ്ക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചത്.
ഇതിനായി ബ്രീത് ആർക്കിറ്റെക്ച്ചർ എന്ന കമ്പനി സംഘടിപ്പിച്ച ക്രൗഡ് ഫണ്ടിംഗിലൂടെ 11,000 ലേറെ ഡോളറാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് 23 മീറ്റർ (75 അടി) ഉയരമുള്ള ബേൺസ്‌വിക്കിലെ സ്തൂപത്തിൽ മ്യൂറൽ പെയ്ന്റിംഗ് ചെയ്യാനാണ് പദ്ധതി.
എന്നാൽ ഓസ്‌ട്രേലിയയിൽ ഇതത്ര പ്രസക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനത്തിനെതിരെ നിരവധി പേർ രംഗത്തെത്തി. change.org എന്ന വെബ്സൈറ്റിലൂടെ പരാതി ഉന്നയിച്ച് ഇതുവരെ 1500 ഓളം പേരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Source: gofundme.com
ഓസ്‌ട്രേലിയയിൽ ഇത് ആവശ്യമില്ലെന്നും മറിച്ച് മെൽബനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള പെയിന്റിംഗ് ആണ് ഇവിടെ പ്രസക്തമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സിറ്റി ഓഫ് മോർലന്റിന്റെ പിന്തുണയോടെ വരയ്ക്കാൻ തീരുമാനിച്ചിരിക്കുന്ന ചിത്രം മെയ് 30ഓടെ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ചിത്രകാരിയായ ലൊറേറ്റ ലിസിയോ.
മാനവികതയുടെ പ്രതീകമായാണ് ഹിജാബ് ധരിച്ച ജസിന്ത ആർഡന്റെ ചിത്രം ലോകമെങ്ങും ഇപ്പോൾ കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ കഴിഞ്ഞ മാസം ഈ ചിത്രം തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെൽബണിലും ചുമർ ചിത്രം വരയ്ക്കാൻ തീരുമാനിച്ചത്.