കാംപ്സിയിലെ ബ്ലെസ്ഡ് ഹെൽത്ത് കെയർ എന്ന ജി പി ക്ലിനിക്കാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവരിൽ നിന്ന് 200ലേറെ ഡോളർ ഈടാക്കുന്നത്.
വാക്‌സിൻ നൽകുന്നതിന് മുൻപ് ഡോക്ടറുടെ കൺസൾട്ടേഷനും റെജിസ്ട്രേഷനുമായാണ് പണം വാങ്ങുന്നത്.
ഫൈസർ വാക്‌സിൻ സ്വീകരിക്കാൻ എത്തിയ 20 കാരിയിൽ നിന്ന് എവലിൻ സ്ട്രീറ്റിലുള്ള ഈ ക്ലിനിക്ക് 250 ഡോളറാണ് ഈടാക്കിയത്.
സിഡ്‌നിയിൽ കൊവിഡ് ബാധ രൂക്ഷമായതിനാൽ വാക്‌സിനായി മാസങ്ങളോളം കാത്തിരിക്കാതെ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കാമെന്ന് കരുതിയാണ് ഇവിടെയെത്തി പണം നൽകി വാക്‌സിൻ സ്വീകരിച്ചതെന്ന് ഒരു മലേഷ്യൻ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
താത്കാലിക വിസയിലുള്ള ഇവരുടെ പല സഹപ്രവർത്തകരും ഇത്തരത്തിൽ ഇവിടെ നിന്ന് വാക്‌സിൻ സ്വീകരിച്ചുവെന്നും ഇവർ പറഞ്ഞു.
ആറാഴ്ചക്ക് ശേഷം വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാനായി 60 ഡോളറും ക്ലിനിക്ക് ഈടാക്കുന്നുണ്ട്. ചിലരിൽ നിന്ന് രണ്ടാം ഡോസിനായി 120 ഡോളറും ഈടാക്കുന്നുണ്ട്.
ഓബണിലും ലിഡ്‌കോംബിലുമുള്ള പലരും കാംപ്സിയിൽ പോയി വാക്‌സിൻ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ചൈനീസ് ആപ്പ് ആയ വിചാറ്റിൽ നടക്കുന്നുണ്ടെന്ന് കമ്പർലാന്റ് കൗൺസിലർ കുൻ ഹ്വാങ് പറഞ്ഞു.
കാംപ്സിയിലെ ക്ലിനിക്കിൽ നിന്ന് ഫൈസർ വാക്‌സിൻ സ്വീകരിച്ചവർ അതിന്റെ ഇൻവോയിസുകൾ അദ്ദേഹത്തിന് അയച്ചു നൽകിയെന്നും, ജൂലൈ 24നും 26നും പലരിൽ നിന്നും 225 ഡോളർ ഈടാക്കിയതെന്നും കുൻ ഹ്വാങ് പറഞ്ഞു.
'New patient registration fee' അല്ലെങ്കിൽ “Level C Surgery” എന്നാണ് ഇൻവോയിസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിലുള്ള എല്ലവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമാണെന്ന് ഫെഡറൽ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
അതിനാൽ, കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവരിൽ നിന്ന് ക്ലിനിക്കുകൾക്ക് പണം ഈടാക്കാൻ അനുവാദമില്ലെന്ന് ഫെഡറൽ ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
മാത്രമല്ല, വാക്‌സിനേഷനായി എത്തുന്നവർക്ക് കൺസൾട്ടേഷൻ സൗജന്യമാണെന്നും ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ പറയുന്നുണ്ട്.
അതേസമയം വാക്‌സിൻ സൗജന്യമാണെന്നും, ബ്ലെസ്ഡ് കെയർ സ്വകാര്യ ക്ലിനിക്ക് ആയതിനാൽ കൺസൾട്ടേഷൻ ബൾക്ക് ബില്ലിംഗ് അല്ലെന്നും ഇവിടുത്തെ നഴ്സ് ജേക്കബ് ചെൻ പറഞ്ഞു.
പണം നല്കാൻ കഴിയാത്തവർ മറ്റ് ക്ലിനിക്കുകളിൽ പോകണമെന്നും മെഡികെയർ ഇല്ലാത്തവർക്ക് സൗജന്യമായി സംവിധാനം ഉപയോഗിക്കാൻ കഴിയില്ലെന്നും ഇവിടുത്തെ റിസപ്‌ഷനിസ്റ്റ് സാറ സൂചിപ്പിച്ചു.
കാംപ്സിയിലെ ക്ലിനിക്ക് വാക്സിന് പണം ഈടാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി പേർ ബന്ധപ്പെട്ടതായി കാന്റർബറി എം പി സോഫി കോട്സിസ് പറഞ്ഞു.
വാക്‌സിനേഷനായി പണം ഈടാക്കാൻ പാടില്ലെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ മുതലെടുക്കരുതെന്നും സോഫി അറിയിച്ചു.